ഏറ്റവും വില പിടിപ്പുള്ള മരങ്ങളിലൊന്നാണ് ചന്ദന മരം. ഏകദേശം 12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണിത്. ഒരു ചന്ദനമരം പൂർണ്ണ വളർച്ചയെത്താൻ 60 മുതൽ 80 വർഷങ്ങൾ വരെയെടുക്കും. ചന്ദനത്തിന്റെ തടിക്ക് നല്ലസുഗന്ധമാണെങ്കിലും അതിന്റെ പൂവുകൾക്ക് ഒട്ടും മണമില്ല.
ചന്ദനത്തൈലം
തൈലത്തിന്റെ അംശം ഏറ്റവും കൂടുതലുള്ളത് വേരുകളിലാണ്. മരം ഉണങ്ങിക്കഴിഞ്ഞശേഷം അതിന്റെ കാതൽ, വേരുകൾ എന്നിവ നന്നായി പൊടിച്ച് മാറ്റിയാണ് തൈലം നിർമ്മിക്കുന്നത്. സാന്റലേകൾ എന്ന ഘടകമാണ് തൈലത്തിൽ മുഖ്യമായും അടങ്ങിയിരിക്കുന്നത്. കൂടാതെ, കീമോണകൾ, അമ്ളങ്ങൾ, ആൽഡിഹൈഡുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. സ്വർണനിറമോ സുതാര്യമായതോ ആണ് ചന്ദനതൈലം. സോപ്പ്, ചന്ദനത്തിരി, എന്നിവ നിർമ്മിക്കാൻ ചന്ദനത്തൈലം ഉപയോഗിക്കുന്നു.
ചന്ദനം പലവിധം
രക്തചന്ദനം, ശ്വേതചന്ദനം, മഞ്ഞചന്ദനം എന്നിങ്ങനെ പലവിധത്തിലുള്ള ചന്ദനങ്ങളുണ്ട്. ശ്വേതചന്ദനമാണ് യഥാർത്ഥ ചന്ദനം എന്നറിയപ്പെടുന്നത്. ചന്ദനം നട്ടുവളർത്താൻ പറ്റിയ മരമല്ല. അത് സ്വാഭാവികമായി വളരേണ്ട മരമാണ്.
വളർച്ച ഘടകങ്ങൾ
ചന്ദനം സ്വാഭാവികമായും കാണപ്പെടുന്നത് വരണ്ട ഇല പൊഴിയും വനങ്ങളിലാണ്. നല്ല സൂര്യപ്രകാശം, വരണ്ട കാലാവസ്ഥ, വർഷം മുഴുവൻ ലഭിക്കുന്ന ചെറിയ മഴ എന്നിവയൊക്കെ ചന്ദനത്തിന്റെ വളർച്ചയ്ക്ക് അവശ്യഘടകങ്ങളാണ്. ഇത്തരം ഘടകങ്ങൾ ചന്ദനത്തിന്റെ തടിയുടെ കാതലിന് മികച്ച കാരണമാകുന്നു.
ചന്ദനത്തിന്റെ കാതൽ
ചന്ദനം വളരുന്ന മണ്ണിനെ ആശ്രയിച്ചാണ് അതിന്റെ കാതലിന്റെ നിറം. കാതലിന് മഞ്ഞനിറം കിട്ടണമെങ്കിൽ മണ്ണിൽ കളിമണ്ണിന്റെ അംശം കൂടുതലായിരിക്കണം.
പരജീവി
ചന്ദനം അതിന്റെ വളർച്ചയ്ക്കായി മറ്റു പല സസ്യങ്ങളെയും ആശ്രയിക്കുന്നു. പോഷണത്തിനായി ആതിഥേയ സസ്യങ്ങളെ ആശ്രയിക്കുന്ന ചന്ദനത്തിന്റെ പ്രധാന ആതിഥേയ സസ്യങ്ങളാണ് മഹാഗണി, ആര്യവേപ്പ്, കണിക്കൊന്ന, അക്കേഷ്യ എന്നിവ ചന്ദനത്തൈ വളർന്ന് ഒരു വർഷം മാത്രം വളരാനുള്ള പോഷകം മാത്രമേ അതിന്റെ വിത്തിൽ സംഭരിക്കപ്പെടുന്നുള്ളു. അതിനാലാണ് ചന്ദനത്തിന് ആതിഥേയ സസ്യങ്ങളെ ആവശ്യമായി വരുന്നത്. ഇനി ചന്ദനം കൃഷി ചെയ്യുകയാണെങ്കിൽ ആര്യവേപ്പ്, കാറ്റാടി മരം എന്നിവയായിരിക്കും ആതിഥേയ സസ്യങ്ങൾ. ചന്ദനമരത്തിന്റെ വേരുകളിൽ ചിലതരം ഫംഗസുകൾ ജീവിക്കുന്നു. ഈ ഫംഗസുകൾ ചന്ദനമരത്തെ മറ്റ് സസ്യങ്ങളിൽ നിന്ന് ആഹാരം സമ്പാദിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ വേരുകളുടെ വിസ്തീർണ്ണം വർദ്ധിപ്പിച്ച് കൂടുതൽ പോഷകങ്ങളെ ആഗിരണം ചെയ്യാൻ പ്രാപ്തമാക്കുന്നു.
ബാധിക്കുന്ന രോഗങ്ങൾ
സ്പൈക്ക് രോഗം
മൈക്കോപ്ളാസ്മ പോലുള്ള സൂക്ഷ്മാണുക്കളാൽ ബാധിക്കപ്പെടുന്നു. ഈ രോഗം ബാധിച്ച മരത്തിന്റെ തണ്ടുകൾ കുന്തം പോലെ വളർന്നിരിക്കും. അതിനാലാണ് അസുഖത്തിന് സ്പൈക്ക് എന്ന പേര് വന്നത്. മരത്തിന്റെ ഇലകൾ മഞ്ഞനിറത്തിലാവുകയും ചെയ്യും. ഈ മരത്തിൽ പൂക്കൾ ഉണ്ടാവുകയില്ല.
പെൻഡിലസ് സ്പൈക്ക് രോഗം
ഈ രോഗം ബാധിച്ച മരത്തിന്റെ ശാഖകൾ തളർന്ന് കാണപ്പെടും. കായ്കൾ ഉണ്ടാവില്ല. പുഷ്പങ്ങൾ സാധാരണ രീതിയിലുമായിരിക്കില്ല കാണപ്പെടുക.
പുള്ളിക്കുത്ത് രോഗം
നഴ്സറിയിലെ ചന്ദനതൈകളെ ബാധിക്കുന്ന രോഗം. ഫംഗസിനാലാണിത് ഉണ്ടാവുന്നത്. സൂക്ഷ്മ മൂലകങ്ങളുടെ അഭാവവും ഈ രോഗത്തിന് കാരണമാണ്. ചെമ്പിന്റെ അഭാവംമൂലം ഇലയുടെ ഒരറ്റത്ത് വെളുത്ത നിറമുണ്ടാവുകയും ക്രമേണ അത് മരം മുഴുവൻ വ്യാപിച്ച് മരം നശിക്കാനിടവരികയും ചെയ്യും.