ആലപ്പുഴ: കൊല്ലപ്പെട്ട വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യ ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ അജാസുമായി പരിചയപ്പെട്ടത് തൃശൂരിലെ കെ.എ.പി പരിശീലന കേന്ദ്രത്തിൽ വച്ച്. അന്ന് അജാസ് കെ.എ.പിയിലെ പരിശീലകനായിരുന്നു. പരിചയം തികച്ചും സൗഹൃദത്തിനപ്പുറം അപ്പുറം സൗമ്യ കണ്ടിരുന്നില്ല. എന്നാൽ അജാസ് പ്രണയ കണ്ണിലൂടെയാണ് സൗമ്യയെ നോക്കിയിരുന്നത്.
ക്യാമ്പിലെ കഠിനമായ പരിശീലനത്തിൽ അജാസ് ഇളവ് നൽകിയത് ദുരുദ്ദേശത്തോടെയായിരുന്നു. പരിശീലനശേഷം സൗമ്യക്ക് വീടിന് അടുത്തുള്ള വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ നിയമനം ലഭിച്ചു. ജോലി ലഭിക്കുമ്പോൾ സൗമ്യ വിവാഹിതയും മക്കളുടെ അമ്മയുമായിരുന്നു. വിവരം അറിയാമായിരുന്നിട്ടും അയാൾ വൺവേ പ്രണയവുമായി മുന്നോട്ട് പോയി. വള്ളികുന്നത്ത് ജോലിയിൽ പ്രവേശിച്ചശേഷവും ഇയാൾ സൗമ്യയെ ഫോണിലൂടെ വിളിച്ച് ശല്യം ചെയ്തിരുന്നു. ഫേസ് ബുക്കിലൂടെ ഇരുവരും ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ഭർത്താവിനെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അജാസ് പലതവണ സൗമ്യയെ നിർബന്ധിച്ചിരുന്നു. ഇത് സൗമ്യ നിരസിച്ചു. ഇതോടെയാണ് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. ഇത് മകനോടും അമ്മയോടും സൗമ്യ പറഞ്ഞിരുന്നു. പൊലീസിൽ പരാതിപ്പെടാൻ അമ്മ പറഞ്ഞിരുന്നെങ്കിലും ഇത്തരത്തിലൊരു പരാതി നൽകുന്നത് അപമാനമാണെന്ന് കരുതി നൽകിയില്ല.
കഴിഞ്ഞ 9 മുതൽ അജാസ് മെഡിക്കൽ അവധിയിലായിരുന്നു. ഈ സമയത്താണ് കൊല നടത്താൻ അവസാന പദ്ധതി തയ്യാറാക്കിയത്. മൂന്ന് ദിവസത്തോളം പ്രദേശത്ത് നിരീക്ഷണം നടത്തി. ആരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തി കൊലനടത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. എല്ലാം മനസിലുറപ്പിച്ചാണ് ശനിയാഴ്ച വള്ളികുന്നത്തെ സൗമ്യയുടെ വീട്ടിൽ എത്തിയത്. കാറിൽ വന്നിറങ്ങിയപ്പോഴേക്കും സൗമ്യ സ്കൂട്ടറിൽ കയറി പുറത്തേക്ക് പോയിരുന്നു. തുടർന്ന് കാറിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തി. പ്രാണരക്ഷാർത്ഥം സമീപത്തെ കാന ചാടിക്കടന്ന് ഓടിയ സൗമ്യ പടിഞ്ഞാറുള്ള വീട്ടിലേക്ക് എത്തുന്നതിനിടെ പിന്നാലെയെത്തിയ അജാസ് കൊടുവാൾ കൊണ്ട് കഴുത്തിലും നെഞ്ചിലും വെട്ടി പരിക്കേൽപ്പിച്ചു.
കഴുത്തിൽ പതിമൂന്ന് സെന്റി മീറ്ററോളം നീളത്തിലാണ് വെട്ടേറ്റത്. നിലത്തുവീണ സൗമ്യയ്ക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഉറപ്പിച്ചശേഷമാണ് കാറിൽ കരുതിയിരുന്ന രണ്ട് കുപ്പികളിൽ കൊണ്ടുവന്ന പെട്രോൾ സ്വന്തം ശരീരത്തിൽ ഒഴിച്ച ശേഷം സൗമ്യയുടെ ദേഹത്തും ഒഴിച്ച് കത്തിച്ചത്.
അജാസിന്റെ സൗഹൃദം ശല്യമായി മാറിയതോടെ സൗമ്യ ഇയാളുടെ ഫോൺ നമ്പർ ബ്‌ളോക്ക് ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായത്. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യചെയ്യുകയായിരുന്നു ലക്ഷ്യമെന്നും മറ്റാർക്കും സംഭവത്തിൽ പങ്കില്ലെന്നും ആലപ്പുഴ ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേട്ട് ആർ.ആർ.രജിതയ്ക്ക് നൽകിയ മൊഴിയിൽ അജാസ് വ്യക്തമാക്കിയിരുന്നു.
സൗമ്യ തന്നെ ഒഴിവാക്കുന്നതായി തോന്നിയ അജാസ് വള്ളികുന്നത്തെ വീട്ടിലെത്തി സൗമ്യയെ മർദ്ദിച്ചിരുന്നതായും വള്ളികുന്നം എസ്.ഐയെ ഇക്കാര്യം അറിയിച്ചിരുന്നതായും മാതാവ് ഇന്ദിര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇരുവരും സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും ഇന്ദിര മൊഴി നൽകി. പരാതി ലഭിച്ചിട്ടില്ലെന്ന് വള്ളികുന്നം എസ്.ഐ പറഞ്ഞു. ഇരുവരുടെയും ഫോൺ വിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി.കോര ആവശ്യപ്പെട്ടതിനെ തുടർന്ന് മൊഴിയുടെ പകർപ്പ് ഇന്നലെ കൈമാറി. ഇതനുസരിച്ചായിരിക്കും തുടരന്വേഷണം. ഇയാളൊടൊപ്പം മറ്റാരോ ഉണ്ടായിരുന്നെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറഞ്ഞു. സൗമ്യയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലിബിയയിലുള്ള ഭർത്താവ് സജീവൻ നാട്ടിലെത്തിയ ശേഷം നാളെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
സൗമ്യയുടെ ഭർത്താവ് നാളെയെത്തും
സൗമ്യയുടെ ഭർത്താവ് സജീവൻ നാളെ നാട്ടിലെത്തും. മൂന്നാഴ്ച മുൻപാണ് സജീവ് ലിബിയയിലേക്ക് ജോലിക്കായി പോയത്. വിദേശത്ത് ജോലിയിലിരിക്കെയാണ് സജീവൻ സൗമ്യയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം പത്തു വർഷം നാട്ടിലുണ്ടായിരുന്ന സജീവ് ഒന്നര വർഷം മുൻപ് ജോലി തേടി സൗദി അറേബ്യയിലേയ്ക്ക് പോയി. ജോലി അത്ര നല്ലതല്ലാത്തതു മൂലം തിരികെ നാട്ടിലെത്തി. ഇതിനുശേഷമാണ് ലിബിയയിലേക്ക് പോയത്.
ആരോഗ്യനില വഷളായി
ആറുപത് ശതമാനത്തോളം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അജാസിന്റെ നില ഗുരുതരമായി തുടരുന്നു. ഞായറാഴ്ച രാത്രി 9ന് ശേഷമാണ് അജാസിന് ബോധം തെളിഞ്ഞത്. തുടർന്നാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെയോടെ അജാസിന്റെ ആരോഗ്യ നില വീണ്ടും വഷളായി. വൃക്കയുടെ പ്രവർത്തനം താളംതെറ്റിയതോടെ ഡയാലിസിസ് അരംഭിച്ചു. രക്തസമ്മർദ്ദത്തിന്റെ വ്യത്യാസം അനുസരിച്ചായിരിക്കും ഡയാലിസിസ് നടത്തുക. ആന്തരികാവയവങ്ങളിൽ അണുബാധയേറ്റിട്ടുണ്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനവും ശരിയായ നിലയിലല്ല. അജാസിന്റെ ബന്ധുക്കൾ ആരും ഇതുവരെ അന്വേഷിച്ചെത്തിയിട്ടില്ല. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പുഷ്പപലത പറഞ്ഞു.