padmanabha-swamy-temple

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയിൽ സൂക്ഷിച്ചിട്ടുള്ള അമൂല്യ രത്നങ്ങളും ആഭരണങ്ങളും പുരാവസ്തുക്കളും അടക്കമുള്ളവ പൊതുജനങ്ങൾക്ക് നേരിൽ കാണാൻ അവസരമൊരുങ്ങുന്നു. അമൂല്യ വസ്തുക്കൾ പ്രദർശിപ്പിക്കാൻ മ്യൂസിയം തുടങ്ങുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച കെ.ബി. ഗണേശ് കുമാറിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീം കോടതി പരിഗണനയിലാണ്. അതുകൊണ്ട് സർക്കാരിന് തീരുമാനം എടുക്കാൻ കഴിയില്ല. കോടതി തീരുമാനം വരുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങൾ ആലോചിക്കും.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം വിദേശികൾക്കും സ്വദേശികൾക്കും കാണാനുള്ള അവസരമുണ്ടാക്കാൻ മ്യൂസിയം ഉണ്ടാക്കണമെന്നായിരുന്നു ഗണേശ്കുമാറിന്റെ നിർദ്ദേശം. ടിക്കറ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേത്രത്തിന്റെ നവീകരണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാമെന്ന് ഗണേശ്കുമാർ നിർദ്ദേശിച്ചു. ടൈം മാഗസിനിൽ വന്നിട്ടുള്ള ഒരു ലേഖനത്തിൽ ലോകത്തെ ഏറ്റവും സമ്പന്നനായ ഈശ്വരനെന്നാണ് ശ്രീപദ്മനാഭനെ കുറിച്ച് വിശേഷിപ്പിച്ചിട്ടുള്ളത്. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പ്രസിദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.