allegation-against-binoy

തിരുവനന്തപുരം: തനിക്കെതിരെ ദുബായിലെ ബാർ ഡാൻസറായിരുന്ന യുവതി നൽകിയ പരാതിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ് ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരി പ്രതികരിച്ചു. പരാതി ഉന്നയിച്ച യുവതിയെ തനിക്ക് പരിചയമുണ്ട്. കഴിഞ്ഞ ആറ് മാസം മുമ്പ് താൻ വിവാഹം കഴിച്ചുവെന്ന് കാട്ടി യുവതി തനിക്ക് നോട്ടീസ് അയച്ചിരുന്നു. അഞ്ച് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും ബിനോയ് പറയുന്നു.

സംഭവത്തിൽ അന്ന് കണ്ണൂർ റേഞ്ച് ഐ.ജിക്ക് പരാതി നൽകിയിരുന്നു. ആരോപണത്തെ നിയമപരമായി നേരിടുമെന്നും ബിനോയ് പ്രതികരിച്ചു. എട്ട് വയസുള്ള കുട്ടിയുണ്ടെന്നാണ് യുവതിയുടെ ആരോപണം. ഇത് തെളിയിക്കാൻ ഇന്നത്തെ കാലത്തെ ശാസ്ത്രീയമായ പല മാർഗങ്ങളുമുണ്ട്. പരാതി വ്യാജമാണെന്നും ബിനോയ് വ്യക്തമാക്കി. അതിനിടെ യുവതിക്കെതിരെ നാല് മാസം മുമ്പ് ബിനോയ് പരാതി നൽകിയിരുന്നുവെന്ന് കണ്ണൂർ റേഞ്ച് ഐ.ജി സ്ഥിരീകരിച്ചു. പരാതി തുടർ നടപടിക്കായി എസ്.പിക്ക് കൈമാറിയിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

മുംബയിൽ വീടെടുത്ത് വർഷങ്ങളോളം തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി ബീഹാർ സ്വദേശിനിയായ ബാർ ഡാൻസറാണ് മുംബയ് ഓഷിവാര പൊലീസിൽ പരാതി നൽകിയത്. വിവാഹ വാഗ്‌ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നാണ് പരാതി. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നത്. ഈ മാസം 13 യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തത്‌. പീഡനം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭിച്ചതായും കുറേ വർഷങ്ങൾക്ക് മുമ്പുള്ള കാര്യമായതിനാൽ വിശദമായ അന്വേഷണം വേണമെന്നുമാണ് പൊലീസ് അധികൃതരുടെ നിലപാട്. സംഭവത്തിൽ കോടിയേരി ബാലകൃഷ്‌ണൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ബിനോയ് കോടിയേരിക്കെതിരായ കേസിൽ ഇടപെടില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വം പ്രതികരിച്ചു. പാർട്ടിയുമായി ബന്ധമില്ലാത്ത പ്രശ്‌നമല്ലാത്തതിനാൽ ആരോപണ വിധേയർ കേസ് സ്വന്തം നിലയ്‌ക്ക് നേരിടണം. കേസിൽ പാ‌ർട്ടി നേതാക്കൾ ഇടപെട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാൽ പാർട്ടി തലത്തിൽ നടപടിയുണ്ടാകും. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.