തിരുവനന്തപുരം: കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് ദേശീയ നിരക്കിനേക്കാൾ ഉയർന്ന തോതിലെന്ന റിപ്പോർട്ട്. ദേശീയ ശരാരശരിയെക്കാൾ നാലരശതമാനം കൂടി 10.67 ശതമാനമായി. സംസ്ഥാന തൊഴിൽ വകുപ്പിന്റെ കണക്കിലാണ് തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളത്തിന്റെ ദയനീയചിത്രം വെളിപ്പെടുന്നത്. 6.1 ശതമാനമാണ് ദേശീയ ശരാശരി. ദേശീയതലത്തിൽ കൂടുതൽ തൊഴിൽ രഹിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നാമതാണ് കേരളത്തിന്റെ സ്ഥാനം.
ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ കേരളത്തെക്കാൾ മുന്നിലുള്ളത്. ത്രിപുരയിൽ 19.7 ശതമാനവും സിക്കിമിൽ 18.1 ശതമാനവുമാണ്. തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ് ദേശീയ ശരാശരി. എന്നാൽ കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് നാലരശതമാനം അധികം വർധിച്ച് 10.67 ശതമാനമായി.
2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇതിൽ 35.63 ലക്ഷംപേർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽരഹിതരായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് മാനദണ്ഡമാക്കിയാണ് തൊഴിലില്ലാത്തവരുടെ തോത് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, സംസ്ഥാനത്ത് 35.63 ലക്ഷം പേർ തൊഴിലിനായി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ പേര് നൽകിയിട്ടുണ്ടെങ്കിലും വിദേശത്തും സ്വകാര്യ മേഖലയിലുമായി ജോലി ചെയ്യുന്നവരാണ് പലരും. അത് പരിഗണിക്കാതെയാണ് തൊഴിലിലായ്മ നിരക്ക് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇവരിലെല്ലാവരും തൊഴിൽരഹിതരാണെന്ന് അർഥമില്ലെന്ന് റിപ്പോർട്ടിനോട് പ്രതികരിച്ച് മന്ത്രി ടി.പി. രാമകൃഷ്ണൻ, നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രത, വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്കൃത വസ്തുക്കളുടെ കുറവ്, കൃഷിയിടങ്ങളുടെ കുറവ് എന്നിവയാണ് കണക്കിൽ പിന്നോട്ട് അടിച്ചതെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിന് വിവിധ പദ്ധതികൾ സർക്കാർ അവിഷ്കരിച്ചിട്ടുണ്ട്. അധികാരത്തിൽവന്നശേഷം ഒരുലക്ഷം പേർക്ക് പി.എസ്.സി. വഴി നിയമനം നൽകി. 20,000 പുതിയ തസ്തികകൾ സൃഷ്ടിച്ചതായും മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ സ്വകാര്യമേഖലയിൽ കൂടുതൽ സ്ത്രീ തൊഴിലാളികളാണെന്നാണ് കണക്കുകൾ
മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസ നിലവാരമാണുള്ളത്. ഇതാണ്, സ്വകാര്യജോലികളിൽ സ്ത്രീപങ്കാളിത്തം കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. തൊഴിലിടത്തിലെ സ്ത്രീകളുടെ പങ്കാളിത്തം കേരളത്തിൽ 30.8%മാണ്. ദേശീയതലത്തിൽ 23.7 മാത്രമാണുള്ളത്. സംഘടിത മേഖല 12.37 ലക്ഷം, പൊതുമേഖല 5.59 ലക്ഷം. സ്വകാര്യമേഖല 6.78 ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ.