soniya-gandhi

കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 പേരിൽ 19പേർ ഇന്നലെ പാർലമെന്റിൽ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ സുരേഷിനെ സോണിയാ ഗാന്ധി വിമർശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഹിന്ദിയിലല്ല സ്വന്തം നാട്ടിലെ ഭാഷ ഉപയോഗിക്കണമായിരുന്നു എന്ന് സോണിയ നിർദ്ദേശിച്ചതായിട്ടായിരുന്നു വാർത്തകൾ പ്രചരിച്ചത്. അതേസമയം വാർത്ത അടിസ്ഥാനരഹിതമാണെന്നും 2014ലും ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയതെന്നും കൊടിക്കുന്നിൽ പ്രതികരിക്കുകയും ചെയ്തു. ഈ സംഭവത്തിൽ സോണിയാ ഗാന്ധിയെ ട്രോളി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ.
ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ.. ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ... എന്ന തലക്കെട്ടിലാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ.. ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ...

കോൺഗ്രസ് അംഗങ്ങൾ ഇറ്റാലിയൻ ഭാഷയിൽ വേണം സത്യപ്രതിജ്ഞ ചെയ്യാൻ. കാരണം, നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്. ലോകത്തെ ഏറ്റവും മനോഹരമായ ഭാഷ. ഇറ്റാലിയൻ അറിയാത്തവർ സ്പാനിഷിലോ ഫ്രഞ്ചിലോ സത്യവാചകം ചൊല്ലണം. തീരെ നിവൃത്തിയില്ലാത്തവർ ഇംഗ്ലീഷിൽ.

അഹിംസാ പാർട്ടിയ്ക്ക് ഹിന്ദി ഹറാമാണ്. പ്രാകൃത ഭാഷ. ബിജെപിക്കാരുടെ ഭാഷ. നമ്മുടെ പാർട്ടിയെ തോല്പിച്ച അലവലാതികളുടെ ഭാഷ.

കൊടിക്കുന്നിൽജി ചെയ്തത് തെറ്റാണ്. ഒന്നുകിൽ ഡീനും ആന്റോയും ഹൈബിയും ചെയ്തപോലെ മാന്യമായി ഇംഗ്ലീഷിൽ പ്രതിജ്ഞ ചെയ്യണമായിരുന്നു. അല്ലെങ്കിൽ മലയാളത്തിൽ വേണമായിരുന്നു. ബിജെപിക്കാരുടെ കയ്യടി കിട്ടാൻ ഹിന്ദിയിൽ സത്യവാചകം ചൊല്ലിയത് അച്ചടക്ക ലംഘനമാണ്, ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണ്.

ഹിന്ദി ഒഴികൈ! ഇറ്റാലിയൻ വാഴ്‌കൈ!