വയനാട് എം.പിയായ രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തി ജനങ്ങളോട് നന്ദി അറിയിക്കുന്നതിനായി റോഡ് ഷോ നടത്തിയപ്പോൾ ഒരു കൂട്ടം സ്ത്രീകൾ സ്ഥലം എം.എൽ.എയായ പി.വി.അൻവറിന്റെ ഓഫീസിന് മുകളിൽ കയറിയ സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളായി പ്രചരിച്ചിരുന്നു. ഈ സംഭവത്തിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് മറുപടി നൽകിയിരിക്കുകയാണ് പി.വി അൻവർ. കുറച്ച് സ്ത്രീകൾ തന്റെ ഓഫീസിൽ കയറി നിന്നതിന് താൻ തെറ്റൊന്നും കാണുന്നില്ലെന്നും നിലമ്പൂരിലെ അവരുടെ സാഹചര്യം അതാണെന്നും അദ്ദേഹം കുറിക്കുന്നു. നിലമ്പൂരിൽ സുരക്ഷിതമായി സ്ത്രീകൾക്ക് നിൽക്കാനാവുന്ന സ്ഥലമാണ് ഇത് കോൺഗ്രസ് ഓഫീസിൽ പോകുന്നത് അവരിൽ ജീവഭയം ജനിപ്പിക്കുന്ന കാര്യമാണ്. കോൺഗ്രസ് ഓഫീസിലെ സ്റ്റാഫായിരുന്ന രാധ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തെ സൂചിപ്പിച്ചാണ് പി.വി അൻവർ തിരിച്ചടിച്ചത്. 'കുറച്ച് ട്രോൾ എറ്റുവാങ്ങേണ്ടി വന്നെങ്കിലും,ഞാൻ ഇതിൽ എന്നും അഭിമാനിക്കുന്നു.ഒരുകൂട്ടം സഹോദരിമാർക്ക് കുറച്ച് നേരത്തേക്ക് മരണഭയം ഇല്ലാതാക്കാനായി' പി.വി അൻവറിന്റെ കുറിക്കുകൊള്ളുന്ന മറുപടി ഇങ്ങനെ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീ.രാഹുൽ ഗാന്ധി എം.പിയുടെ നിലമ്പൂർ സന്ദർശ്ശനവുമായി ബന്ധപ്പെട്ട് എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ട്രോളാണിത്.റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധിയെ കാണാൻ പ്രദേശവാസികളായ കുറച്ച് സ്ത്രീകൾ എന്റെ എം.എൽ.എ ഓഫീസിന് മുകളിൽ കയറി നിന്നു എന്നതായിരുന്നു ട്രോളിന്ആധാരം.
പുതിയ എം.പിയെ നേരിൽ കാണാനെത്തിയ സ്ത്രീകൾ(കോൺഗ്രസ് അനുഭാവികൾ)അവിടെ കയറി നിന്നു എന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല.നിലമ്പൂരിലെ അവരുടെസാഹചര്യം അതാണ്.അത് കൊണ്ട് തന്നെ ഈ ട്രോളിനെ ഞാൻ മുഖവിലയ്ക്ക് എടുക്കുന്നുമില്ല.
ആ സഹോദരിമാർക്ക് നിലമ്പൂരിൽ ഇത്രയും സുരക്ഷിതമായി മറ്റ് എവിടെ നിൽക്കാനാവും?അവരുടെ പാർട്ടി ഓഫീസിൽ പോകുന്നത് അവരിൽ ജീവഭയം ജനിപ്പിക്കുന്ന കാര്യമാണ്.കോൺഗ്രസ് ഓഫീസിലെ സ്റ്റാഫായിരുന്ന രാധ എന്ന സ്ത്രീയെ ചില ആളുകളുടെ പേഴ്സണൽ സ്റ്റാഫുകൾ,മാനഭംഗം ചെയ്ത് കൊലപ്പെടുത്തി ചാക്കിൽ കെട്ടി,കുളത്തിൽ താഴ്ത്തിയത് അവരും മറക്കാനിടയില്ലല്ലോ!
അവരുടെ സുരക്ഷിതത്വം,അതിന് തന്നെ എന്റെ ഓഫീസ് പ്രധാന്യം നൽകി.അവർക്ക് ടെറസിൽ സൗകര്യം ഒരുക്കി നൽകി.കുറച്ച് ട്രോൾ എറ്റുവാങ്ങേണ്ടി വന്നെങ്കിലും,ഞാൻ ഇതിൽ എന്നും അഭിമാനിക്കുന്നു.ഒരുകൂട്ടം സഹോദരിമാർക്ക് കുറച്ച് നേരത്തേക്ക് മരണഭയം ഇല്ലാതാക്കാനായി.
(പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല)
പണി എന്നേ തുടങ്ങി..