two-workers-died

കോഴിക്കോട്: കോഴിക്കോട് ചെറുവാടിയിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം ഓ‌മാനൂർ സ്വദേശി വിനു, ചെറുവാടി സ്വദേശി പുൽപ്പറമ്പിൽ അബ്ദുൽ റഹ്മാൻ എന്നിവരാണ് മരിച്ചത്. ചെങ്കൽ ക്വാറിയിൽ മണ്ണ് നീക്കുന്നതിനിടെയായിരുന്നു അപകടം. രാവിലെ ജോലിക്കെത്തിയപ്പോഴാണ് അപകടം നടന്നത്.

പത്ത് മീറ്റർ താഴ്ചയിൽ ഇവർ ജോലി ചെയ്യുന്നതിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്നു മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.മണ്ണിനകത്തു കുടുങ്ങിയ ഇവരെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.