മാഞ്ചസ്‌റ്റർ: കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യയോട് കനത്ത തോൽവിയേറ്റ് വാങ്ങിയ പാക് ക്രിക്കറ്റ് ടീമിനെതിരെ സ്വന്തം നാട്ടിലും വിദേശത്തും ആരാധകരുടെ പ്രതിഷേധം കനക്കുകയാണ്. പാക് ക്യാപ്‌ടൻ സർഫറാസ് അഹമ്മദിന്റെ നിരുത്തരവാദപരമായ തീരുമാനങ്ങളും ടീം അംഗങ്ങളുടെ ചില കളിക്കളത്തിലും പുറത്തുമുള്ള തെറ്റായ നീക്കങ്ങളുമാണ് ടീമിന്റെ തോൽവിക്ക് കാരണമായതെന്നാണ് ആരാധകരുടെ വിലാപം. ഇതിനിടയിൽ വിക്കറ്റിന് പിന്നിൽ നിന്ന സർഫറാസ് കോട്ടുവായിട്ടതും കെണിയായി. ഇന്ത്യയുടെ ബാറ്റിംഗിന്റെ അവസാന ഘട്ടത്തിൽ മഴ വീണപ്പോൾ കളി നിറുത്തിവച്ചിരുന്നു. വീണ്ടും തുടങ്ങിയപ്പോഴാണ് വിക്കറ്റ് കീപ്പ് ചെയ്തിരുന്ന സർഫ്രാസ് അറിയാതെ കോട്ടുവായിട്ടുപോയത്. ടിവി ദൃശ്യങ്ങളിലൂടെ ഇത് ശ്രദ്ധയിൽ പെട്ട ആരാധകർ അങ്ങ് ഏറ്റെടുത്തു. ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ പിന്നെ ട്രോളോട് ട്രോൾ. നായകന്റെ ഉറക്കക്ഷീണം ടീമിന് സാമൂഹ്യ മദ്ധ്യമങ്ങളിൽ വരുത്തിവച്ച നാണക്കേട് ചില്ലറയല്ല.
അതേസമയം, ടീം തോറ്റാൽ താൻ മാത്രമല്ല നാട്ടിലേക്ക് മടങ്ങേണ്ടതെന്നും എല്ലാവർക്കും നാട്ടുകാരുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ടീം അംഗങ്ങൾക്ക് സർഫറാസ് മുന്നറിയിപ്പ് നൽകിയെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും തന്നെ മാത്രം ബലിയാടാക്കാൻ അനുവദിക്കില്ലെന്നും സർഫറാസ് വികാരപരമായി പ്രതികരിച്ചെന്നാണ് വിവരം. ഞാൻ മാത്രമാണ് വീട്ടിലേക്ക് പോകുന്നതെന്ന് ആരെങ്കിലും കരുതിയാൽ അത് തികഞ്ഞ വിഡ്ഢിത്തമാണ്. നിർഭാഗ്യവശാൽ ടീമിന് തോൽവി പിണഞ്ഞാൽ താൻ സ്വയം തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും സർഫറാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഴയതെല്ലാം മറന്ന് അടുത്ത കളിയിലെങ്കിലും നന്നായി കളിക്കണമെന്നും സർഫറാസ് ടീം അംഗങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സർഫറാസ് ടീം അംഗങ്ങളോട് ഇക്കാര്യം പറയുമ്പോൾ ടീമിലെ മുതിർന്ന അംഗങ്ങളായ ഷൊഐബ് മാലിക്, മുഹമ്മദ് ഹഫീസ് തുടങ്ങിയവർ ഒന്നും പ്രതികരിച്ചിട്ടില്ലെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.