muhammed-mursi

കെയ്‌റൊ: മുൻ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുർസിയെ ഈജിപ്ത് സർക്കാർ ജയിലിൽ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും അദ്ദേഹം മരണം നേരിട്ട് കൊണ്ടിരിക്കുകയാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. 2018ൽ ബ്രിട്ടീഷ് എം.പിമാരും അഭിഭാഷകരുമടങ്ങുന്ന സമിതി മുന്നറിയിപ്പ് നൽകിയിരുന്നത്. ഡിറ്റൻഷൻ റിവ്യു പാനൽ (ഡി.ആർ.പി) റിപ്പോർട്ടിലാണ് മുർസിക്ക് ചികിത്സയടക്കം നിഷേധിച്ചിരിക്കുകയാണെന്ന് പറഞ്ഞിരുന്നത്. അതേസമയം,​ മുർസിയുടെ മരണം കൊലപാതകമാണെന്ന് മുസ്‌ലിം ബ്രദർഹുഡ് സംഘന രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ബ്രദർഹുഡ് ആവശ്യപ്പെട്ടു.

ഈജിപ്തിലെ തോറ ജയിലിൽ വർഷങ്ങളായി ഏകാന്ത തടവ് അനുഭവിക്കുന്ന മുർസിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കുടുംബാംഗങ്ങളിൽ നിന്നും ആരോഗ്യ വിദഗ്ധരിൽ നിന്നുമാണ് സമിതി അന്ന് വിവരം ശേഖരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എം.പിയായ ക്രിസ്‌പിൻ ബ്ലണ്ടിന്റെ നേതൃത്വത്തിലായിരുന്നു സമിതി. സ്‌കോർപിയണ്‍ പ്രിസൺ എന്നറിയപ്പെടുന്ന തോറയിലൽ പ്രവേശിപ്പിച്ചിരിക്കുന്ന മുർസിക്ക് മൂന്നു വർഷത്തിനിടെ ഒരു തവണ മാത്രമാണ് കുടുംബത്തെ കാണാൻ സാധിച്ചത്.

ആറു വർഷത്തോളം ദിവസത്തിൽ 23 മണിക്കൂറും മുർസിയെ ഏകാന്ത തടവിലാണ് പാർപ്പിച്ചത്. ഇത് യു.എൻ നിയമങ്ങൾ പ്രകാരം പീഡനമാണ്. മുർസിയുടെ മരണത്തില്‍ ആംനസ്റ്റി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. തടവ് സമയത്ത് മുർസിയ്ക്ക് നൽകിയ ചികിത്സയിൽ ഗുരുതരമായ ചോദ്യങ്ങളുയരുന്നുണ്ടെന്ന് ആംനസ്റ്റി മിഡിൽ ഈസ്റ്റ് ഡയറക്ടർ മഗ്ദലീന മുഗ്‌റബി പറഞ്ഞു.

2012 ൽ ഹുസ്നി മുബാറക് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ 20 വർഷം തടവുശിക്ഷ അടക്കം വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസുമായുള്ള ബന്ധത്തിന്റെ പേരിൽ ചാരപ്രവർത്തനം ആരോപിച്ച കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് അന്ത്യം. 2012 ൽ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിലാണ് മുർസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.