1. പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിന് നേരെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സിയില്‍ ആയിരുന്ന രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു മേജറും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. പെട്രോളിങ്ങിനിടെ ആണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. പുല്‍വാമയിലെ അരിഹല്‍ ജില്ലയിലായിരുന്നു സംഭവം.
2. സ്‌ഫോടനത്തിന് ശേഷം ഭീകരവാദികള്‍ വാഹനത്തിന് നേരെ വെടിയുതിര്‍ത്തു. ആക്രമണം നടന്നത്, ഭീകരാക്രമണം ഉണ്ടാകും എന്ന് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ. സ്‌ഫോടനത്തില്‍ വാഹനം പൂര്‍ണ്ണമായി തകര്‍ന്നിരുന്നു
3. ബിനോയ് കോടിയേരിയ്ക്ക് യുവതിയുടെ ഭീഷണിക്കത്ത് കിട്ടിയെന്ന് സ്ഥിരീകരിച്ച് കണ്ണൂര്‍ പൊലീസ്. യുവതിയുടെ ഭീഷണിക്കത്തും ബിനോയ് പൊലീസിന് നല്‍കിയിരുന്നു. കണ്ണൂര്‍ ഐ.ജിയ്ക്ക് നല്‍കിയ പരാതി എസ്.പിയ്ക്ക് കൈമാറിയിരുന്നു. യുവതിയ്ക്ക് എതിരെ പരാതി നല്‍കിയതിന് പിന്നാലെ ആണ് എതിര്‍ പരാതി മുംബയ് പൊലീസിന് ലഭിച്ചത്. പരാതിയ്ക്ക് പിന്നില്‍ ബ്ലാക്കമേയിലിംഗ് ആണെന്ന് ബിനോയ് കോടിയേരി നേരത്തെ പറഞ്ഞിരുന്നു
4. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനിരിക്കെയാണ് മുംബൈയില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് യുവതി മുന്നോട്ട് പോയത് എന്നാണ് വിശദീകരണം. ദുബായില്‍ കെട്ടിട നിര്‍മാണ ബിസിനസ് ആണെന്ന് പറഞ്ഞാണ് ബിനോയ് കോടിയേരി തന്നെ പരിചയപ്പെട്ടത് എന്ന് ലൈംഗിക ആരോപണം ഉന്നയിച്ച യുവതി. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഇവരുടെ ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടി ഉണ്ടെന്നും യുവതി.
5. ബിനോയ് മുംബയില്‍ വീട് എടുത്ത് താമസിപ്പിച്ചു. വാടകയും ചിലവിനുള്ള പൈസയും ബിനോയ് നല്‍കി. പരാതിയില്‍ മുംബയിലെ ഓഷിവാര പൊലീസ് കേസ് എടുത്തു. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് ബിനോയ്ക്ക് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനിടെ, ബിനോയ് കോടിയേരിയ്ക്ക് എതിരായ ലൈംഗിക ആരോപണത്തില്‍ ഇടപെടില്ലെന്ന് സി.പി.എം കേന്ദ്ര നേതാക്കള്‍. ആരോപണവിധേയര്‍ സ്വയം നേരിടുമെന്നും പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നും സി.പി.എം കേന്ദ്ര നേതാക്കള്‍.
6. യുവതിയോട് ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിനായകന്‍ തന്നോട് സംസാരിച്ചത് കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ എന്ന് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോഡ് യുവതി പൊലീസിന് മുന്നില്‍ ഹാജരാക്കിയരുന്നു.
7. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ആയിരുന്നു ദളിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്. കല്‍പ്പറ്റ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെ.പി.എ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് എതിരായ ജാതീയ അധിക്ഷേപങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഉയര്‍ന്നപ്പോഴുള്ള പ്രതികരണം ആയാണ് ദളിത് ആക്ടിവിസ്റ്റ് ഫേസ്ബുക്കില്‍ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്.
8. പതിനേഴാം ലോക്സഭയുടെ സ്പീക്കറായി രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ളയെ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപം ഇന്ന് ഉച്ചയ്ക്ക് മുന്‍പ് ഉണ്ടാകും. കോട്ട ലോകസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള ഇത് രണ്ടാം തവണയാണ് ലോകസഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ഓം ബിര്‍ള.
9. ലോകസഭയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തില്‍ നിന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലണ്ടനില്‍ ഇന്ത്യാ പാക് ലോകകപ്പ് ക്രിക്കറ്റ് കാണാന്‍ പോയത് കാരണം തരൂറിന് ഇന്നലെ തിരിച്ചെത്താന്‍ സാധിച്ചിരുന്നുലല്ല.
10. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് ശേഷവും തര്‍ക്കും രൂക്ഷമാകുന്നു. ജോസ്.കെ മാണിയെ ചെയര്‍മാനായി അംഗീകരിക്കരുത് എന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പി.ജെ ജോസഫ് വിഭാഗത്തിന്റെ കത്ത്. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു കൊണ്ടുള്ള തൊടുപുഴ മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഉള്‍പ്പെടെ ആണ് കത്ത് നല്‍കിയത്. ജോസ്. കെ മാണി പക്ഷത്തിനൊപ്പം നില്‍ക്കുന്ന എം.എല്‍.എമാര്‍ക്ക് എതിരെ ഈ നിമയസഭാ സമ്മേളന കാലത്ത് നടപടി എടുക്കേണ്ടന്നാണ് ജോസഫിന്റെ തീരുമാനം
11. അതേസമയം, കേരള കോണ്‍ഗ്രസ് എം.ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിന് ഉള്ള സ്റ്റേ മാറ്റാന്‍ ജോസ് കെ മാണി വിഭാഗം ഇന്ന് കോടതിയെ സമീപിച്ചേക്കും. തര്‍ക്കം കോടതിയില്‍ എത്തിയ സ്ഥിതിക്ക് അനുരഞ്ജന ശ്രമങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് ഇരുവിഭാഗത്തിന്റെയും നിലപാട്. ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കമുണ്ടെങ്കില്‍ ഇടപെടേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ആണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്.
12. ചെയര്‍മാനായി തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം തന്നെ കോടതിയില്‍ നിന്നുള്ള സ്റ്റേ ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായി. അതിനാല്‍ കോടതിയില്‍ നിന്ന് അനുകൂല നിലപാട് എത്രയും വേഗമുണ്ടാക്കാനാണ് ഇവരുടെ ശ്രമം. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി അതിരുവനന്തപുരത്തേക്ക് വരാനിരുന്ന ജോസ് കെ മാണി കോടതി ഉത്തരവിനെ ത്തുടര്‍ന്ന് ഇന്നലെ യാത്ര റദ്ദാക്കിയിരുന്നു. സി എഫ് തോമസ് കൂടി പി ജെ ജോസഫിനൊപ്പം ചേര്‍ന്നെങ്കിലും തങ്ങള്‍ ദുര്‍ബലമായിട്ടില്ലെന്ന് വ്യക്തമാക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം.