temple-donation

മുംബൈ : ആരാധനാലയങ്ങളുടെ ചെലവിനുള്ള പണം മുഖ്യമായും ലഭിക്കുന്നത് വിശ്വാസികൾ ഭണ്ഡാരത്തിലർപ്പിക്കുന്ന കാശിലൂടെയാണ്. വലപ്പോഴും ചില്ലറത്തുട്ടുകളാണ് ഇത്തരത്തിൽ ക്ഷേത്ര ഭണ്ഡാരത്തിൽ ദർശനത്തിനെത്തുന്നവർ ഭക്തിയോടെ നിക്ഷേപിക്കുന്നത്. ഭക്തർ കാണിക്കയിടുന്ന ചില്ലറത്തുട്ടുകൾ അധികമായാൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഇതുവരെ ആരും ചിന്തിച്ച് കൂടി കാണില്ല. എന്നാൽ ഇത്തരത്തിൽ ഒരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ് മുബൈയിലെ പ്രശസ്തമായ ഷിർദി സായി ക്ഷേത്ര ട്രസ്റ്റ് അധികൃതർ. ഇവിടെ മാസം തോറും ഉദ്ദേശം പതിനഞ്ച് ലക്ഷത്തിനടുത്ത് രൂപയുടെ നാണയത്തുട്ടുകളാണ് ഭണ്ഡാരത്തിലൂടെ ലഭിക്കുന്നത്. ഇത്രയും നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താനുള്ള ബുദ്ധിമുട്ടാണ് അധികൃതർക്കുള്ളതെന്ന് കരുതരുത്, പകരം ഇത്രയും തുട്ടുകൾ സ്വീകരിക്കുവാൻ ബാങ്കുകൾ മടികാണിക്കുന്നതാണ് ക്ഷേത്രം അധികൃതരെ കുഴക്കുന്നത്. ഇത്രയും നാണയങ്ങൾ സൂക്ഷിക്കുവാനുള്ള സംവിധാനവും ക്ഷേത്രത്തിനില്ല. ട്രസ്റ്റിന് പണം സൂക്ഷിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് സ്ഥലപരിമിതി മൂലം സാധിക്കുന്നില്ല.

ഷിർദി സായി ക്ഷേത്രത്തിൽ രണ്ടാഴ്ച കൂടുമ്പോഴാണ് ഭണ്ഡാരത്തിലുള്ള പണം എണ്ണുന്നത്. രണ്ട് കോടിയോളം രൂപയാണ് ഇക്കാലയളവിൽ ക്ഷേത്രത്തിന് ഭക്തരിൽ നിന്നും ലഭിക്കുന്നത്. ഇതിൽ ഏഴ് ലക്ഷത്തോളം രൂപയ്ക്ക് തുട്ടുകളായാണ് ലഭിക്കുന്നത്. നിലവിൽ ഒന്നരക്കോടിയോളം രൂപ നാണയരൂപത്തിൽ ബാങ്കുകളിൽ ക്ഷേത്ര ട്രസ്റ്റ് സൂക്ഷിച്ചിട്ടുണ്ട്. ഇനി പ്രശ്നപരിഹാരത്തിനായി റിസർവ് ബാങ്കിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ