ഒരു ശരാശരി മനുഷ്യൻ അവന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ തന്റെ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളു എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. നമ്മിലെ അത്തരം കഴിവുകളെ ഉണർത്താനും സ്വന്തം പൂർണതയെ സാക്ഷാത്കരിക്കാനുമുള്ള ഒരു മാർഗമാണ് യോഗ.
ഇന്ന് ആധുനിക മരുന്നുകളും ചികിത്സാ സൗകര്യങ്ങളും മനുഷ്യന്റെ ആയുർദൈർഘ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ തെറ്റായ ജീവിതശൈലിയും കാഴ്ചപ്പാടുകളും കാരണം പൊതുവെ മനുഷ്യരുടെ ആരോഗ്യനില പഴയകാലത്തെ അപേക്ഷിച്ച് മോശമാണ്. ആരോഗ്യമെന്നാൽ രോഗങ്ങളുടെ അഭാവം മാത്രമല്ല. ദീർഘനേരം ക്ഷീണമില്ലാതെ ജോലി ചെയ്യാനുള്ള ശേഷി, മനസിന്റെ സ്വസ്ഥത, ബുദ്ധിശക്തിയുടെയും ഓർമ്മശക്തിയുടെയും തെളിവ് തുടങ്ങിയവയും ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. ഇവയ്ക്കെല്ലാം ഉപകരിക്കുന്ന സമഗ്രശാസ്ത്രമാണ് യോഗ.
ആരോഗ്യസംരക്ഷണത്തിന് അനേകം വ്യായാമമുറകളുണ്ടെങ്കിലും യോഗയിലൂടെ ലഭിക്കുന്ന ഫലങ്ങൾ ഏറ്റവും മികച്ചതാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സന്ധികൾ, പേശികൾ, ഗ്രന്ഥികൾ, നാഡികൾ തുടങ്ങി എല്ലാ ശരീരഭാഗങ്ങളുടെയും ശരിയായ പ്രവർത്തനത്തിന് യോഗ സഹായിക്കുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് യോഗയുടെ പ്രസക്തി എന്നത്തേക്കാളും വർദ്ധിച്ചിരിക്കുന്നു. യോഗയുടെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അന്താരാഷ്ട്ര യോഗദിനം പോലുള്ള സംരംഭങ്ങൾ തീർച്ചയായും സഹായിക്കും.
തിരക്കേറിയ ജീവിതവും വ്യായാമക്കുറവും ടെൻഷനും അവ സൃഷ്ടിക്കുന്ന അസുഖങ്ങളും ഇന്നത്തെ സമൂഹത്തിന്റെ ശാപമാണല്ലോ. ദിവസവും നമ്മൾ ഏറ്റവും കുറഞ്ഞത് മുപ്പതു മിനിട്ടെങ്കിലും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. ഇതോടൊപ്പം ദിവസവും പത്തു മിനിട്ട് നേരമെങ്കിലും സൂര്യപ്രകാശം ഏൽക്കേണ്ടതും ആവശ്യമാണ്. ഇക്കാലത്ത്, മിക്കവരും എസി വീട്ടിൽ നിന്ന് എ.സി കാറിലേക്കും, എ.സി കാറിൽ നിന്ന് എ.സി ഓഫീസിലേക്കും പോകുകയാണ് പതിവ്. അതുകാരണം ശുദ്ധവായുവിന്റെയും സൂര്യപ്രകാശത്തിന്റെയും ലഭ്യത തീരെ കുറയുന്നു. അതവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
ചിലർ അവരുടെ മക്കൾക്ക് വിലയേറിയ ആഡംബര കാറുകൾ വാങ്ങിക്കൊടുക്കും. കുട്ടികൾ വ്യായാമം ചെയ്യാനായി ജിമ്മിലേക്ക് പോകുന്നതും തിരിച്ചു വരുന്നതും കാറിലാണ്. ജിമ്മിലെ അംഗമാകാൻ പ്രതിവർഷം ആയിരക്കണക്കിനു രൂപ വേറെയും ചെലവാക്കും. അതിശയോക്തിയാണെന്നു തോന്നാമെങ്കിലും ഈ ശീലം പൊതുവേ കണ്ടുവരുന്നുണ്ട്. എന്നാൽ ജിമ്മിലേക്ക് നടന്നു പോകാൻ തയാറാകുകയാണെങ്കിൽ ശരീരത്തിന് ഒന്നുകൂടി വ്യായാമം ലഭിക്കും. രാവിലെയും വൈകിട്ടും വീടിനടുത്തുള്ള പാർക്കിലോ ബീച്ചിലോ നടക്കുക എന്ന ശീലം വളർത്തിയെടുത്താൽ ജിമ്മിൽ പോകാൻവേണ്ടി പണം ചെലവു ചെയ്യേണ്ടിവരില്ല. ജിമ്മിൽനിന്നു ലഭിക്കുന്നതിനെക്കാൾ കൂടുതൽ ആരോഗ്യകരമായ വ്യായാമം നടക്കുന്നതിലൂടെ ലഭിക്കുകയും ചെയ്യും. മാത്രമല്ല,ശുദ്ധവായു ശ്വസിക്കാനും സൂര്യപ്രകാശമേൽക്കാനും അതൊരു അവസരമാകും. ഇതിനു പുറമേ, ഇന്ധനം ലാഭിക്കാനും, അത് കത്തുമ്പോൾ പുറപ്പെടുന്ന ഹാനികരമായ വാതകങ്ങൾ അന്തരീക്ഷത്തെ മലിനമാക്കുന്നത് ഒഴിവാക്കാനും ഈ ശീലം സഹായിക്കും. അതെല്ലാം എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണകരമാണ്.
ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ വയ്ക്കുന്നതോടൊപ്പം യോഗ കൂടി പരിശീലിക്കുകയാണെങ്കിൽ അത് ശരീരത്തിനും മനസിനും ഒരു പുതുജീവൻ നല്കും. പ്രമേഹം, കോളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളെ വലിയൊരളവോളം നിയന്ത്രിക്കാൻ യോഗയ്ക്ക് കഴിയും. ചുരുങ്ങിയ സമയം കൊണ്ട് ശരീരഭാഗങ്ങൾക്ക് വ്യായാമം നൽകുന്ന സൂര്യനമസ്കാരവും തിരഞ്ഞെടുത്ത യോഗാസനങ്ങളും ഇക്കാര്യത്തിൽ ഏറെ പ്രയോജനപ്രദമാണ്. കൂടാതെ ബോധത്തോടെയുള്ള ദീർഘ ശ്വാസോച്ഛ്വാസവും ധ്യാനപരിശീലനവും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതിനു പുറമേ മനശ്ശാന്തിയും ഏകാഗ്രതയും വളർത്തുന്നു. രോഗപ്രതിരോധശേഷി വളർത്താനും വാർദ്ധക്യത്തെ അകറ്റി നിറുത്താനും യോഗ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവബോധത്തോടെ സാവകാശം ചെയ്യുമ്പോഴാണ് യോഗ പൂർണഫലം നൽകുന്നത്. തുടക്കക്കാരും രോഗികളും ഒരു പരിശീലകന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും.
യോഗ ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്കുള്ള വ്യായാമമുറ മാത്രമല്ല, അത് ധാർമ്മികമൂല്യങ്ങൾക്കു കൂടി സ്ഥാനമുള്ള സമഗ്ര ജീവിതരീതിയാണ്. ജീവിതവിജയത്തിനും ആത്മീയ ഉന്നതിക്കും ഒരുപോലെ സഹായകമാണ് യോഗ. ഏത് ആദ്ധ്യാത്മിക മാർഗമായാലും അവയ്ക്കെല്ലാം യോഗ സഹായകമാണ്. ഏത് ദേശത്തായാലും മനുഷ്യപ്രകൃതിക്ക് കാര്യമായ വ്യത്യാസമില്ലാത്തതിനാൽ ജാതിമത വ്യത്യാസമില്ലാതെ ഏവർക്കും യോഗ സ്വീകരിക്കാവുന്നതാണ്. പ്രാചീനഭാരതത്തിലെ ഋഷിവര്യന്മാർ മനുഷ്യരാശിക്ക് നല്കിയ ഈ അമൂല്യ സമ്പത്ത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ നമുക്കു കഴിയട്ടെ.