സിഡ്‌നി: കണ്ടാൽ തന്നെ പേടിവരുന്ന ഭീമൻ മുതലയെ വിഴുങ്ങുന്ന മലമ്പാമ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആസ്ട്രേലിയയിലെ ഒരു കാടിനുള്ളിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ജി.ജി വൈൽഡ് ലൈഫ് എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് പുറത്തുവിട്ടത്. ഇതുവഴി പോയിരുന്ന മാർട്ടിൻ മുള്ളറെന്ന ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. തന്റെ പൂർണ ശക്തിയും ഉപയോഗിച്ച് മുതലയെ വിഴുങ്ങുന്ന മലമ്പാമ്പിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വിവിധ തരം ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്. ഇതിന്റെ മുന്നിൽ പെടുന്ന മനുഷ്യരുടെ അവസ്ഥ എന്താകുമെന്നാണ് പലരും ചോദിക്കുന്നത്.
എന്നാൽ സ്വന്തം ജീവൻ വരെ അപകടത്തിലാകുമെങ്കിലും ചില അവസരങ്ങളിൽ ഒലീവ് ഇനത്തിൽ പെടുന്ന ഇത്തരം മലമ്പാമ്പുകൾ തങ്ങളേക്കാൾ വലിയ ജീവികളെ അകത്താക്കാറുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു. എത്രവേണമെങ്കിലും തുറക്കാൻ കഴിയുന്ന വായ് ഉള്ളതാണ് ഇതിന് മലമ്പാമ്പുകളെ സഹായിക്കുന്നത്. തങ്ങളുടെ വായിൽ കൊള്ളുന്നതെന്തും ഭക്ഷിക്കാൻ ഇവയ്‌ക്ക് കഴിയാറുണ്ടെന്നും ഇക്കൂട്ടർ കൂട്ടിച്ചേർക്കുന്നു. ആസ്ട്രേലിയയിലെ ഏറ്റവും വലിയ ഉരഗങ്ങളിലൊന്നായ ഒലീവ് മലമ്പാമ്പുകൾക്ക് 16.4 അടി വരെ നീളമുണ്ടാകും. മാംസഭുക്കുകളായ ഇവ പക്ഷികളെയും സസ്‌തനികളെയും ചില ഉരഗങ്ങളെയും ഭക്ഷണമാക്കാറുണ്ട്. കടിച്ചാൽ വിഷമേൽക്കില്ലെങ്കിലും നീണ്ട ശരീരം ഉപയോഗിച്ച് ഇരയെ വരിഞ്ഞ് മുറുക്കി കൊല്ലുന്നതാണ് ഇവയുടെ രീതി.