നടനും സംവിധായകനുമായ പൃഥ്വിരാജ് കഴിഞ്ഞ ദിവസം രണ്ട് കോടിയിലേറെ വിലയുള്ള ആഡംബര കാറായ റേഞ്ച് റോവർ സ്വന്തമാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ താരം ധരിച്ചിരുന്ന വാച്ചിന്റെ വിലയെച്ചൊല്ലിയാണ് ഇപ്പോൾ ആരാധകരുടെ തർക്കം. രസകരമായ ഈ ചർച്ചയ്‌ക്ക് വഴിവച്ചതാവട്ടെ ഭാര്യ സുപ്രിയയുടെ ഒരു ഇൻസ്‌റ്റഗ്രാം പോസ്റ്റും.
രണ്ട് ദിവസം മുമ്പ് കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തി എന്ന തലക്കെട്ടോടെ പൃഥ്വിരാജ് റേഞ്ച് റോവർ ഓടിക്കുന്ന ചിത്രം സുപ്രിയ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കാറിന്റെ സ്‌റ്റിയറിംഗിൽ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകൾ മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും കയ്യിൽ അണിഞ്ഞിരുന്ന വാച്ചിലാണ് ആരാധകരുടെ ശ്രദ്ധ ഉടക്കിയത്. താരത്തിന്റെ കയ്യിൽ കിടക്കുന്നത് 'ഹുബ്ലോ' എന്ന ആഡംബര ബ്രാൻഡ് അല്ലേ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാൽ ഇത് ഹുബ്ലോ അല്ലെന്നും 'എ.പി റോയൽ ഓക്ക് ഓഫ്ഷോർ ഡൈവർ' ആണെന്നും സുപ്രിയ മറുപടി നൽകി. കഴിഞ്ഞ വിവാഹ വാർഷികത്തിന് താൻ സമ്മാനിച്ചതാണ് വാച്ചെന്നും സുപ്രിയ മറുപടി നൽകി.
ഇതോടെ കാറിനെ വിട്ട് ആരാധകരുടെ ചർച്ച വാച്ചിലേക്ക് വഴിമാറാൻ അധിക സമയം വേണ്ടി വന്നില്ല. ഏകദേശം 13 മുതൽ 20 ലക്ഷം വരെ വില വരുന്നതാണ് 'എ.പി റോയൽ ഓക്ക് ഓഫ്ഷോർ ഡൈവർ' വാച്ചുകൾ. എന്നാൽ കാറിനെ വിട്ട് ചർച്ച വാച്ചിലേക്ക് വഴിമാറുന്നുവെന്ന് കണ്ടതോടെ കമന്റ് ഡിലീറ്റ് ചെയ്ത് സുപ്രിയ തടിയൂരി. എന്തായാലും താരത്തിന്റെ വാച്ചിന്റെ യഥാർത്ഥ വില എത്രയാണെന്നാണ് ഇപ്പോഴും ആരാധകരുടെ സംശയം.