ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ പങ്കാളിയായ ജെയ്‌ഷെ ഭീകരനെ സുരക്ഷാസേന വധിച്ചു. ആക്രമണത്തിന് കാർ എത്തിച്ച ജയ്ഷെ മുഹമ്മദ് തീവ്രവാദിയെയാണ് സുരക്ഷാസേന വധിച്ചത്. ചൊവ്വാഴ്ച രാവിലെ സൗത്ത് കാശ്മീരിൽ അനന്തനാഗ് ജില്ലയിലെ മർഹാമ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ സജാദ് അഹമ്മദ് ഭട്ടിനെ സുരക്ഷാസേന വധിച്ചത്. ഇയാളുടെ സഹായിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.
ഫെബ്രുവരി 14-ന് പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ പ്രധാനപങ്കുണ്ടെന്ന് സംശയിക്കുന്നയാളാണ് സജാദ് അഹമ്മദ് ഭട്ട്. സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കളുമായി ഇടിച്ച് കയറിയ മാരുതി ഇൗകോ കാർ ഇയാളുടെ പേരിലുള്ളതാണെന്ന് എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. സജാദ് അനന്ത്നാഗിലെ മർഹാമ സ്വദേശിയാണ്.
പുൽവാമ ആക്രമണത്തിന് ശേഷം ഒളിവിൽപോയിരുന്ന ഇയാളുടെ ചിത്രങ്ങൾ ഫെബ്രുവരി അവസാനത്തോടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് സജാദ് ഭട്ടിനായുള്ള തിരച്ചിൽ സുരക്ഷാസേന ഊർജ്ജിതമാക്കിയത്. എന്നാൽ, ഫെബ്രുവരി 25 ന് എ.കെ 47 തോക്കുമായി നിൽക്കുന്ന സജാദിന്റെ ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നത്.
മർഹാമ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയായിരിക്കെയാണ് സജാദ് തീവ്രവാദി സംഘടനയിൽ ചേർന്നത്. ചൊവ്വാഴ്ച രാവിലെ മര്‍ഹാമയിലെത്തിയ സുരക്ഷാസേന നടത്തുന്നതിനിടെ ഒളിച്ചിരുന്ന തീവ്രവാദികൾ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന വെടിവെപ്പിൽ സജാദിനെയും സഹായിയെയും വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തു.