ന്യൂഡൽഹി: രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിർള (56) ലോക്‌സഭയുടെ പുതിയ സ്‌പീക്കറാവും. ഭരണമുന്നണിയായ എൻ.ഡി.എ സ്പീക്കർ സ്ഥാനാർത്ഥിയായി അദ്ദേഹത്തെ നോമിനേറ്റ് ചെയ്‌തു.
ഇന്ന് രാവിലെ 11 മണിക്കാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിറുത്തുന്നില്ല.
എൻ.ഡി.എയുടെ ഘടകകക്ഷികൾ അല്ലാത്ത വൈ.എസ്.ആർ കോൺഗ്രസും ബിജു ജനതാദളും ഉൾപ്പെടെ പത്ത് കക്ഷികൾ ഓം ബിർളയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ ഏകകണ്ഠമായി തിരഞ്ഞെടുക്കാൻ സർക്കാർ ഇന്നലെ കോൺഗ്രസിന്റെ പിന്തുണയും തേടിയിരുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണമെന്ന ഉപാധിയോടെ പിന്തുണ നൽകാമെന്ന് കോൺഗ്രസ് സമ്മതിച്ചിട്ടുണ്ട്. അതേസമയം, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നേരത്തേ വൈ. എസ്. ആർ കോൺഗ്രസിന് വാഗ്ദാനം ചെയ്‌തിരുന്നതായും സൂചനയുണ്ട്.
രാജസ്ഥാനിലെ കോട്ടാ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയാണ് ഓം ബിർള എം.പിയാകുന്നത്. രാജസ്ഥാനിലെ ബി.ജെ.പിയുടെ പ്രമുഖ വൈശ്യ നേതാവാണ് അദ്ദേഹം. ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയെ 2,79,677 വോട്ടുകൾക്കാണ് അദ്ദേഹം തോല്പിച്ചത്. 2003 മുതൽ തുടർച്ചയായി മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു.
സാധാരണ സീനിയർ അംഗങ്ങളെയാണ് രാഷ്‌ട്രീയ കക്ഷികൾ സ്‌പീക്കർ സ്ഥാനത്തേക്ക് നിയോഗിക്കാറുള്ളത്. എങ്കിലും മുൻപ് തെലുങ്ക് ദേശത്തിന്റെ ജി.എം.സി. ബാലയോഗി ലോക്‌സഭയിലെ തന്റെ രണ്ടാം ടേമിൽ സ്പീക്കറായി. അദ്ദേഹം ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞപ്പോൾ സ്പീക്കറായ ശിവസേനയുടെ മനോഹർ ജോഷി സഭയിലെ കന്നി അംഗമായിരുന്നു . സ്ഥാനമൊഴിയുന്ന സ്‌പീക്കർ സുമിത്രാ മഹാജൻ തന്റെ എട്ടാമത്തെ ടേമിലാണ് ആ പദവി വഹിച്ചത്.