ബാലനായിരിക്കെ ബീഹാറിനെ ഡൽഹിയിൽ നടന്ന ആൾ ഇന്ത്യാ ജൂനിയർ സ്വിമ്മിംഗ് മത്സരത്തിൽ പ്രതിനിധീകരിച്ചിട്ടുണ്ട് ജഗത് പ്രകാശ് നദ്ദ എന്ന ജെ.പി.നദ്ദ. ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി സഖ്യം യു.പിയിൽ സൃഷ്ടിച്ച പ്രതികൂല കാലാവസ്ഥയിൽ ബി.ജെ.പി നേടിയ വൻവിജയത്തിൽ ഈ മുൻ നീന്തൽ താരം വഹിച്ച പങ്ക് സുപ്രധാനമായിരുന്നു. വൻ തിരിച്ചടി പ്രതീക്ഷിച്ച സ്ഥാനത്ത് 62 സീറ്റിന്റെ കരുത്തുള്ള നേട്ടമാണ് നദ്ദ യു.പിയിൽ പാർട്ടിക്ക് സമ്മാനിച്ചത്. ബി.ജെ.പിയുടെ ശക്തനായ സാരഥി അമിത് ഷായ്ക്ക് പിൻഗാമിയാകാൻ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നദ്ദയുടെ സ്ഥാനക്കയറ്റത്തിനു പിന്നിൽ ഈ വിജയത്തിന്റെ തൂവൽകൂടിയുണ്ട്. ഇപ്പോൾ വർക്കിംഗ് പ്രസിഡന്റ് പദവിയാണെങ്കിലും അടുത്തവർഷം ജനുവരിയിൽ പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ പ്രസിഡന്റ് പദവിയിലേക്ക് നദ്ദ നിയോഗിക്കപ്പെടും.
ഹിമാചൽ പ്രദേശിലെ ബിലാസ് പൂർ ജില്ലയിലെ വിജയ് പൂരിലാണ് കുടുംബത്തിന്റെ വേരുകളെങ്കിലും നദ്ദ ജനിച്ചത് ബീഹാറിലെ പാറ്റ്നയിലാണ്. 1960 ഡിസംബർ രണ്ടിനാണ് ജനനം.അച്ഛൻ റാഞ്ചി സർവകലാശാല വൈസ് ചാൻസലറായിരുന്നു. ചെറുപ്പത്തിൽ തന്നെ നദ്ദ എ.ബി.വി.പി പ്രവർത്തകനായി.
ബീഹാറിലും ഹിമാചലിലുമായി പഠനവും രാഷ്ട്രീയവും നദ്ദ മാറി മാറി പയറ്റി. പാട്ന സർവകലാശാലയിൽ ബി.എ പഠനത്തിന് ശേഷം അദ്ദേഹം നിയമപഠനത്തിനായി ഹിമാചൽ പ്രദേശ് സർവകലാശാലയിലേക്ക് പോയി. പഴയ പഞ്ചാബിന്റെ ഭാഗമായ ഹിമാചൽ പ്രദേശ് കമ്മ്യൂണിസത്തിന് ഏറെ വേരോട്ടമുള്ള മണ്ണായിരുന്നു. എസ്.എഫ്.ഐ ആയിരുന്നു ഹിമാചൽ പ്രദേശ് സർവകലാശാല ഭരിച്ചിരുന്നത്. എന്നാൽ 1984 ലെ തിരഞ്ഞെടുപ്പിൽ വിജയം എ.ബി.വി.പിക്കായിരുന്നു. ജെ.പി. നദ്ദ യൂണിവേഴ്സിറ്രി യൂണിയൻ സെക്രട്ടറിയായി.നിയമപഠനം കഴിഞ്ഞ് പ്രാക്ടീസിനൊരുങ്ങുന്നതിന് പകരം അദ്ദേഹം മുഴുവൻ സമയ എ.ബി.വി.പി പ്രവർത്തകനായി . 1989 ൽ എ.ബി.വി.പി ദേശീയ സെക്രട്ടറിമാരിൽ ഒരാളായി. അന്ന് അദ്ദേഹത്തിനൊപ്പം ഇപ്പോഴത്ത കേന്ദ്ര പാർലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഉണ്ടായിരുന്നു.
സംഘടനാ മികവും ഭരണനേതൃത്വ മികവും ഒരുപോലെയുള്ള നേതാവാണ് നദ്ദ.മോദി മന്ത്രിസഭയിലെ ആരോഗ്യവകുപ്പുമന്ത്രിയായി നദ്ദ തിളങ്ങിയിരുന്നു. ആയുഷ്മാൻ ഭാരത് ഉൾപ്പെടെ ഇന്ത്യയുടെ ആരോഗ്യ ഭൂപടത്തിൽ ഭരണ പ്രാഗല്ഭ്യത്താൽ ഒപ്പു ചാർത്തി ജെ.പി .നദ്ദ. എങ്കിലും ഇത്തവണ നരേന്ദ്രമോദി മന്ത്രിസഭയിൽ അദ്ദേഹത്തിന്റെ പേരില്ലാതിരുന്നപ്പോൾ പാർട്ടി അനുഭാവികളിൽ സംശയമേതുമില്ലായിരുന്നു. കാരണം ഭരണരംഗത്ത് അദ്ദേഹം തെളിയിച്ച പ്രാഗല്ഭ്യം ഇത്തവണ പാർട്ടിയുടെ വളർച്ചയ്ക്ക് വിനിയോഗിക്കപ്പെടുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു.
2010 ൽ നിതിൽ ഗഡ്കരിയാണ് പാർട്ടി ജനറൽ സെക്രട്ടിയായി അദ്ദേഹത്തെ ദേശീയനിരയിലേക്ക് കൊണ്ടുവന്നത്. ഒപ്പം പാർലമെന്ററി ബോർഡ് അംഗവും അതിന്റെ സെക്രട്ടറിയുമായി നദ്ദ. 1991 ൽ യുവമോർച്ച ദേശീയ പ്രസിഡന്റായി. മൂന്ന് തവണ ഹിമാചൽ പ്രദേശ് നിയമസഭാംഗമായിരുന്ന അദ്ദേഹം ഒരു തവണ ആരോഗ്യമന്ത്രിയുമായിരുന്നു.രാജ്നാഥ് സിംഗ് പാർട്ടി പ്രസിഡന്റ് പദവിയൊഴിഞ്ഞപ്പോഴും നദ്ദയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നു.എന്നാൽ അന്ന് അമിത് ഷായാണ് പ്രസിഡന്റായത്.ബി.ജെ.പിക്കും ആർ.എസ്.എസ് നേതൃത്വത്തിനും ഒരുപോലെ പ്രിയങ്കരനാണ് നദ്ദ.ഹിമാചൽ സർവകലാശാലയിൽ ചരിത്രാദ്ധ്യാപികയായ ഡോ.മല്ലികാ നദ്ദയാണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട്.