അനന്തഭദ്രനും ബലഭദ്രനും നിന്നിടത്തുനിന്ന് അനങ്ങിയില്ല.
''വരണം തമ്പുരാൻ""
സി.ഐ ഋഷികേശ്, അനന്തഭദ്രന്റെ കൈയ്ക്ക് പിടിക്കാൻ ഭാവിച്ചു.
പക്ഷേ, അനന്തഭദ്രൻ ആ കൈ തട്ടിക്കളഞ്ഞു.
''നീ എന്താടാ കരുതിയത്. വെറുതെ ഉമ്മാക്കി കാണിച്ച് ഞങ്ങളെ വിരട്ടാമെന്നോ? ഒരു പീറ എം.എൽ.എ അണ്ടർവെയറിന്റെ പോക്കറ്റിലുണ്ടെന്ന് വച്ച് തമ്പുരാക്കന്മാരോട് കളിക്കാൻ നിൽക്കല്ലേ....
അനന്തഭദ്രന്റെ ആ ഭാവത്തിനു മുന്നിൽ ഋഷികേശ് മാത്രമല്ല, എസ്.ഐ കാർത്തിക്കും പൊലീസുകാരും ശരിക്കു പതറി.
''അവന്റെ ചൊറിച്ചില് എന്തിനാണെന്ന് ഞങ്ങൾക്കറിയാം"
ബലഭദ്രൻ, ഋഷികേശിന്റെ അടുത്തേക്ക് നീങ്ങി. "ഞങ്ങൾ ഇങ്ങനെയിരിക്കുമ്പോൾ അവന്റെ തന്ത്രം ഫലിക്കില്ലെന്ന് അറിയാം. ഋഷികേശേ നീ പോയി ഗ്രാമർ മിസ്റ്റേക്കില്ലാതെ അവന് പറഞ്ഞുകൊടുക്കണം, എന്നും അവന്റെ സ്വപ്നമായിരുന്ന വടക്കേ കോവിലകത്തിന്റെ ഒരു കഴുക്കോലുപോലും കിട്ടാൻ പോകുന്നില്ലെന്ന്.''
ബാക്കി പറഞ്ഞത് അനന്തഭദ്രൻ:
"ഏതെങ്കിലും കള്ളക്കേസ് ഉണ്ടാക്കി ഞങ്ങളെ അകത്താക്കിയാൽ ഈസിയായി അവന് ലക്ഷ്യം നേടാമെന്ന് വിചാരമുണ്ടായിരിക്കും. പക്ഷേ, ഋഷികേശേ.... അവന് മുന്നിൽ നിറുത്തി ഞങ്ങൾക്കെതിരെ കളിപ്പിക്കാൻ നീ പോരാ. ഞങ്ങൾക്കെതിരെ നെഞ്ച് വിരിച്ചു നിൽക്കണമെങ്കിൽ അതിന് കായബലം മാത്രം പോരാ. ബുദ്ധിയും ചിന്താശക്തിയും ഉണ്ടാകണം.
അപ്പോൾ ബലഭദ്രൻ തുടർന്നു:
"അതുകൊണ്ട് നിനക്ക് നല്ല തണലും നല്ല തന്തയ്ക്ക് പിറന്നു എന്ന ബോധവും ഉണ്ടെങ്കിൽ ഞങ്ങളെ ഒന്നു കൊണ്ടുപോയി കാണിക്ക്."
സബോഡിനേറ്റ്സിനു മുന്നിൽ വച്ചാണ് ഇയാൾ വെല്ലുവിളിക്കുന്നത്. ഋഷികേശിന് അത് വലിയ കുറച്ചിലായി.
ഇവിടെ താൻ പരാജയപ്പെട്ടാൽ ഇനി പൊലീസുകാരുടെ മുഖത്തേക്ക് നോക്കാൻ കൂടി കഴിയില്ല.
ഞൊടിയിടയിൽ അയാൾ പിസ്റ്റൾ വലിച്ചെടുത്തു.
" നിങ്ങളെ കൊണ്ടുപോകാൻ തീരുമാനിച്ചു തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. അത് അങ്ങനെതന്നെ നടക്കുകയും ചെയ്യും. അതിനുള്ള തണ്ടെല്ലും നല്ല തന്തയ്ക്ക് പിറന്നുവെന്ന ബോധവും എനിക്കുണ്ട്. കാണണോ?
ചോദിച്ചതും അയാൾ പിസ്റ്റൾ അനന്തഭദ്രന്റെ നെഞ്ചിൽ, വെളുത്ത ജുബ്ബയ്ക്കു മീതെ കുത്തിയമർത്തി.
'' വീഴ്ത്തണോ ഞാൻ ഈ നെഞ്ചിൻ കൂട്ടിൽ ഒരു ദ്വാരം.''
അനന്തഭദ്രന്റെ ചുണ്ടിൽ ഒരു ചിരി മിന്നി.
'' നിനക്ക് അതിനാവുമെങ്കിൽ ഒന്നു ചെയ്തു കാണിക്കെടാ"
അയാൾ ഒരടി മുന്നോട്ടു നീങ്ങി. പിസ്റ്റളും തള്ളിക്കൊണ്ട് അറിയാതെ അത്രയും പിന്നോട്ടു നീങ്ങിപ്പോയി ഋഷികേശ്. ട്രിഗറിൽ വച്ച അയാളുടെ കൈവിരലിൽ ഒരു വിറയൽ ബാധിച്ചു.
അനന്തഭദ്രൻ അയാളുടെ കണ്ണുകളിലേക്ക് നോട്ടമുറപ്പിച്ചു.
നിനക്കറിയാമോടാ? നിലമ്പൂർ കാടുകളിൽ പതിനഞ്ചാമത്തെ വയസ്സിൽ വേട്ടയാടാൻ ഇറങ്ങിത്തുടങ്ങിയതാ ഞങ്ങള്. പത്തടി മുന്നിൽ വച്ചുപോലും, കുതിച്ചുവന്ന കാട്ടുപോത്തിനെ വെടിവച്ചു വീഴ്ത്തിയിട്ടുമുണ്ട്. ഇപ്പഴും ആ ഡബിൾ ബാരൽ ഗൺ ഇവിടെയിരിപ്പുണ്ട്. ലൈസൻസ് ഉള്ളത്. കാണണോ നിനക്ക്? ഈ പൊട്ടാസ് പൊട്ടിക്കുന്ന കളിപ്പാട്ടമല്ലാതെ ഉരുക്കിന്റെ ഉറപ്പുള്ള ഗണ്ണൊന്നും നീ കണ്ടിട്ടില്ലല്ലോ...''
അനന്തഭദ്രന്റെ കണ്ണുകളിൽ നിന്ന് തന്റെ കണ്ണുകളിലേക്ക് അഗ്നി പ്രവഹിക്കുന്നതുപോലെ തോന്നി ഋഷികേശിന്.
ഒരു നിമിഷം അയാളുടെ ഇമകൾ അടഞ്ഞുപോയി. അടുത്ത നിമിഷം വീണ്ടും തുറക്കുമ്പോൾ തന്റെ കൈയിലിരുന്ന പിസ്റ്റൾ അനന്തഭദ്രന്റെ കൈയിൽ.
എന്ത് മാജിക്കാണ് നടന്നതെന്ന്, നോക്കിനിന്ന എസ്.ഐയ്ക്ക് പോലും മനസ്സിലായില്ല....
ഋഷികേശ് വിയർക്കാൻ തുടങ്ങി.
ഇത്രയേ ഉള്ളെടാ നീയ്.
അനന്തഭദ്രൻ പുച്ഛിച്ചു.
"വേട്ടയ്ക്കിറങ്ങുന്നവൻ അറിയണം കാടും കാട്ടിലെ അപകടങ്ങളും. മൃഗങ്ങളും അവയുടെ സ്വഭാവവും ആക്രമണ രീതിയും. അവ നിൽക്കുന്ന ദിശ പോലും മണത്തറിയണം. അല്ലാത്തവൻ തോക്കുമായിറങ്ങിയാൽ ദേ, ഇതുപോലെയിരിക്കും.
ഋഷികേശ് മിണ്ടാതെ ഉമിനീർ വിഴുങ്ങി.
അയാളുടെ മുന്നിൽ വച്ചുതന്നെ അനന്തഭദ്രൻ പിസ്റ്റളിൽ നിന്ന് മാഗസിൻ ഊരിയെടുത്തു. പിന്നെ പിസ്റ്റൾ അയാളുടെ കൈവെള്ളയിലേക്ക് വച്ചുകൊടുത്തു.
ഉണ്ടയില്ലാതെ വെടിവയ്ക്കുന്നതാ നിനക്ക് നല്ലത്.
പറയുന്നതിനിടയിൽ അയാൾ പന്ത്രണ്ട് ബുള്ളറ്റുകളും തന്റെ ഇടതുകൈയിലേക്ക് ഇട്ടു...
ഋഷികേശ് കൂടുതൽ വിളറി. ഓരോ ബുള്ളറ്റിനും താൻ കണക്കു പറയേണ്ടതാണ്.
അടുത്ത നിമിഷം അനന്തഭദ്രൻ ആ ബുളളറ്റുകൾ മുറ്റത്തെ ഇരുട്ടിലേക്ക് വലിച്ചൊരേറ്....
അത് എവിടെയൊക്കെയോ ചെന്ന് ചിതറി വീഴുന്നതിന്റെ കിലുക്കം.
അറിയാതെ ഒരു വിലാപം ഋഷികേശിന്റെ തൊണ്ടയിൽ കുരുങ്ങി.
''മെണപ്പു തീർന്നെങ്കിൽ നീ ചെല്ല് ഋഷികേശേ.... താനൊന്നും പൊക്കിയാൽ തമ്പുരാക്കന്മാര് പൊങ്ങത്തില്ല എന്ന് ആ കള്ളൻ കിടാവിനോട് പറ."
ഋഷികേശിന്റെ തല കുനിഞ്ഞു.
" ഏയ് തമ്പുരാൻ.
പൊടുന്നനെ മുറ്റത്തുനിന്ന് എസ്.ഐ കാർത്തിക് ഉച്ചത്തിൽ വിളിച്ചു.
"പോടാ..."
അനന്തഭദ്രൻ, അയാളെ പൂർണമായും അവഗണിച്ചു.
കവിളടക്കം അടിയേറ്റതുപോലെ വിളറിപ്പോയി കാർത്തിക്.
ഒന്നുംമിണ്ടാതെ പക മനസ്സിൽ ഊതിത്തെളിച്ചുകൊണ്ട് ഋഷികേശും പൂമുഖത്തു നിന്ന് ഇറങ്ങി.....
(തുടരും)