anil-ambani

മുംബൈ : പതിനൊന്ന് വർഷം മുമ്പ് ലോകത്തെ അതിസമ്പന്നരിൽ ആറാമനായിരുന്ന അനിൽ അംബാനി അടിതെറ്റി വീണിരിക്കുകയാണ്. ഇക്കൊല്ലം ബില്ല്യനയർ ക്ലബിൽ നിന്ന് തന്നെ അദ്ദേഹം പുറത്ത് പോയി. 2008ൽ 4200 കോടി ഡോളറായിരുന്നു അനിലിന്റെ സമ്പത്ത്. ഇതിപ്പോൾ 523 ദശലക്ഷം ഡോളറായി.(3,651കോടി രൂപ). പണയ ഓഹരികൾ ഉൾപ്പടെയാണ് ഈ മൂല്യം.

നാല് മാസം മുമ്പ് അംബാനിയുടെ ദി റിലയൻസ് ഗ്രൂപ്പിന്റെ ആസ്തി 8,000 കോടിയായിരുന്നു. അനിൽ അംബാനിയുടെ ബിസിനസ് സമ്രാജ്യം ഏതാനും വർഷങ്ങളായി താഴേക്കാണ് പ്രയാണം. സാമ്പത്തിക കുടിശികകളുടെ പേരിൽ ജയിൽ ശിക്ഷയുണ്ടാകുമെന്ന ഘട്ടത്തിൽ ജ്യേഷ്ഠൻ മുകേഷ് അംബാനിയാണ് രക്ഷക്കെത്തിയത്.

2018 മാർച്ചിൽ റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം കടം 1.7 ലക്ഷം കോടിയായിരുന്നു. ഇത് വീട്ടുന്നതിനായി വൻതോതിൽ ആസ്തികൾ വിറ്റഴിച്ചതാണ് മൊത്തം സമ്പത്തിൽ ഇടിവുണ്ടായിക്കിയത്. അനുജൻ അംബാനി തളരുമ്പോൾ ജ്യേഷ്ഠൻ മൂകേഷ് അംബാനിയുടെ ബിസിനസ് പടർന്ന് പന്തലിക്കുകയാണ്. മുകേഷിന്റെ മുംബായിലെ അത്യാഡംബര വസതിയായ ആന്റിലിയയുടെ മൂല്യത്തോളം പോലും വരില്ല അനുജന്റെ ഇപ്പോഴത്തെ മൊത്തം ആസ്തിയെന്നാണ് വിലയിരുത്തൽ. ആന്റിലയുടെ മൂല്യം ഇരുന്നൂറ് കോടി ഡോളറോളം വരും. 201718ൽ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ലാഭവിഹിതമായി മുകേഷ് അംബാനിയ്ക്ക് ലഭിച്ചത് 14,500 കോടി രൂപയാണ്. അതേസമയം അനിൽ സ്വത്തുക്കളോരോന്നായി വിറ്റ് തുലയ്ക്കുകയും ചെയ്യുന്നു.