വാഷിംഗ്‌ടൺ: 2022ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഖത്തറിന് അനുവദിച്ചതിൽ വൻ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടർന്ന് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ(യുവേഫ) മുൻ പ്രസിഡന്റും ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവുമായ മൈക്കൽ പ്ലാറ്റിനി അറസ്‌റ്റിൽ. 2015 വരെ യുവേഫയുടെ പ്രസിഡന്റായിരുന്ന പ്ലാറ്റിനി ഖത്തറിന് ലോകകപ്പ് വേദി ലഭിക്കാൻ അനധികൃതമായി ഇടപെടുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഫ്രഞ്ച് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അറസ്‌റ്റ്. എന്നാൽ താൻ ഒരു തരത്തിലുമുള്ള അഴിമതിയോ അനധികൃതമായ ഇടപെടലോ നടത്തിയിട്ടില്ലെന്നാണ് മുൻ ഫ്രഞ്ച് ടീമിന്റെ മിഡ് ഫീൽഡറും മൂന്ന് തവണ മികച്ച ഫുട്ബോളർക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടിയ ആളുമായ പ്ലാറ്റിനിയുടെ വാദം. അമേരിക്ക, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് 2010ൽ ലോകകപ്പ് മത്സരങ്ങളുടെ വേദി ഖത്തർ സ്വന്തമാക്കിയത്.
2018ലും 2022ലും ലോകകപ്പ് വേദി അനുവദിച്ചതിൽ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം നടത്തിയ സംഘം 2017ൽ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുടെ അദ്ധ്യക്ഷൻ സെപ് ബ്ലാറ്ററെ ചോദ്യം ചെയ്‌തിരുന്നു. ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതിൽ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന മിഷേൽ പ്ലാറ്റിനി ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് അന്വേഷണ മാദ്ധ്യമമായ മീഡിയാപാർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തറിന് ലോകകപ്പ് വേദി നൽകിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു അവരുടെ റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്.