mamata-modi

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിളിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന്റെ ഭാഗമായാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ മോദി യോഗത്തിന് വിളിച്ചിരിക്കുന്നത്. ഏതാണ്ടെല്ലാ പ്രതിപക്ഷ പാർട്ടികളും കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ എതിർക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ പശ്ചിമ ബംഗാളിലുണ്ടായ തൃണമൂൽ കോൺഗ്രസ് - ബി.ജെ.പി സംഘർഷത്തിന്റെയും ഡോക്‌ടർമാരുടെ സമരത്തിന്റെയും പശ്ചാത്തലത്തിലാണ് യോഗത്തിൽ നിന്നും മമത വിട്ടുനിൽക്കുന്നതെന്നാണ് വിവരം.

ഒരു രാജ്യം , ഒരു തിരഞ്ഞെടുപ്പ് എന്ന മോദിയുടെ പദ്ധതിക്ക് വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് നടപ്പിലാക്കാൻ പോകുന്നതെന്നും ഇക്കാര്യത്തിൽ കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് അയച്ച കത്തിൽ മമത വ്യക്തമാക്കി. ഇത്രയും ഗൗരവകരമായ പ്രശ്‌നത്തെക്കുറിച്ച് ആലോചിക്കാൻ വളരെ കുറച്ച് സമയം മാത്രമാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധരും പാർട്ടി പ്രവർത്തകരും ഇക്കാര്യത്തിൽ ചർച്ച നടത്തണം. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം തേടണം. ഇതിനായി എല്ലാവർക്കും ഒരു വെള്ള പേപ്പർ കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. നേരത്തെ നീതി ആയോഗിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനും താൻ എത്തില്ലെന്ന് മമത നിലപാട് എടുത്തിരുന്നു.