കുന്ദമംഗലം: പാഠപുസ്തകങ്ങൾ നെഞ്ചോടമർത്തി ക്ളാസിലെത്തുമ്പോൾ 67 കാരനായ ബാലചന്ദ്രൻ ശരിക്കും ഒരു വിദ്യാർത്ഥിയാവും. മിടുക്കനായി പഠിച്ചിട്ടും എട്ടാം ക്ലാസിൽ ജയിച്ചപ്പോൾ പഠിത്തം നിറുത്തേണ്ടിവന്നതിന്റെ വിഷമം മറക്കും.
വീട്ടിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള കുറ്റിക്കാട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ളസ് ടു തുല്യതാ കോഴ്സിന് പഠിക്കുകയാണ് വിവാഹിതരായ രണ്ടു മക്കളുള്ള ബാലചന്ദ്രൻ.
പഠനത്തിൽ മിടുക്കനായിരുന്നു പയ്യടി മേത്തലിൽ കണ്ണാഞ്ചേരി ബാലചന്ദ്രൻ. പക്ഷേ, എട്ടാം ക്ലാസ് ജയിച്ചപ്പോഴേക്കും അച്ഛന് സുഖമില്ലാതെ കിടപ്പായി. വീട്ടിലെ പ്രാരാബ്ധങ്ങൾ, മുന്നിൽ വിലങ്ങായിനിന്നു. പുസ്തകങ്ങൾ മാറ്റിവച്ച് കൽപ്പണിക്കിറങ്ങി. പണികഴിഞ്ഞുവന്നാൽ വായന. കൈയിൽ കിട്ടുന്നതെല്ലാം വായിച്ചു. മണ്ണെണ്ണ വിളക്കിനുമുമ്പിൽ പാതിരാവരെ ഇരുന്ന് വായിക്കും. കോഴിക്കോട് പ്രഭാത് ബുക്ക് ഹൗസിൽ നിന്നാണ് പുസ്തകങ്ങൾ വാങ്ങിയിരുന്നത്. ശാസ്ത്ര വിഷയങ്ങളിലായിരുന്നു ഏറെ താത്പര്യം. ലോട്ടറി വില്പനയും കൂലിപ്പണിയും സെക്യൂരിറ്റിപ്പണിയുമൊക്കെയായി നടന്ന നാല്പതാം വയസിൽ കേരള ശാസ്ത്ര കോൺഗ്രസിൽ ബാലചന്ദ്രൻ പ്രത്യേക ക്ഷണിതാവായി.
1993 ൽ കോട്ടയത്തായിരുന്നു അഞ്ചാമത് ശാസ്ത്ര കോൺഗ്രസ്. ജലത്തിന്റെ ഉയർച്ചയിലും താഴ്ചയിലും ജലപ്പരപ്പിൽ തോണിക്കുണ്ടാകുന്ന ശക്തി ഉപയോഗിച്ച് ചക്രം കറക്കുന്ന വിദ്യയുടെ അടിസ്ഥാനത്തിലാണ് അവിടെ എത്താനായത്.
ഏറ്റവും പ്രായം കൂടിയ 'കുട്ടി'
നാലഞ്ചു വർഷം മുമ്പാണ് പഠനം തുടരണമെന്ന മോഹം കലശലായത്. 2014ൽ പത്താം ക്ളാസ് തുല്യതാ ക്ലാസിൽ ചേർന്നു. അത് പാസായി. പ്ലസ് വൺ എഴുതിയാലോ? അടുത്ത സ്കൂളുകളിലൊന്നും പ്ളസ് വൺ സൗകര്യമില്ല. നാലു വർഷം കഴിഞ്ഞാണ് കുറ്റിക്കാട്ടൂർ സ്കൂളിൽ പ്ളസ് വൺ തുല്യതാ കോഴ്സ് ഉള്ള കാര്യം അറിഞ്ഞത്. രണ്ടാം ശനിയിലും ഞായറാഴ്ചകളിലുമാണ് ക്ളാസ്. ക്ളാസിലെ അറുപത് കുട്ടികളിൽ ഏറ്റവും പ്രായം കൂടിയ 'കുട്ടി'. ഇംഗ്ളീഷിലാണ് പ്ളസ് വൺ എഴുതിയത്. 50 ശതമാനം മാർക്ക് നേടി. ഇപ്പോൾ പ്ലസ്ടു പഠനത്തിലാണ്.
ഭാര്യ ശ്രീമതിയും രണ്ട് ആൺമക്കളും സർവ പിന്തുണയും നൽകുന്നുണ്ട്. 2016 ൽ 'കാലഘട്ടം മാടിവിളിക്കുന്നു' എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. പ്ളസ് ടു കഴിഞ്ഞാൽ ബിരുദം. അങ്ങനെ നിലയ്ക്കാത്ത പഠനം.