കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ പഴംപറമ്പിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾ മരണമടഞ്ഞു.
ചെറുവാടി പഴംപറമ്പ് പുൽപറമ്പിൽ അബ്ദുറഹ് മാൻ (48), വാഴക്കാട് ഓമാന്നൂർ സ്വദേശി വിനു (38) എന്നിവരാണ് ഇന്നലെ രാവിലെ ഒമ്പതേകാൽ മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബംഗാൾ സ്വദേശി വെള്ളംകുടിക്കാനായി അല്പം മാറിയതിനാൽ രക്ഷപ്പെട്ടു. ചെങ്കൽ ഖനനത്തിന് ഉപയോഗിക്കുന്ന ടില്ലർ ഉപയോഗിച്ച് കല്ല് വെട്ടിയെടുക്കുന്നതിനിടയിൽ എട്ട് മീറ്റർ ഉയരത്തിൽ നിന്ന് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. ബംഗാളി തൊഴിലാളി നിലവിളിച്ച് ഓടിച്ചെന്ന് അടുത്തുള്ള കവലയിലെ ആളുകളെ വിവരം അറിയിക്കുകയായിരുന്നു. അവർ മുക്കം പൊലീസ് സ്റ്റേഷനിലും മുക്കം ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലും വിവരം അറിയിച്ചു. അവരെത്തി അരമണിക്കൂറിനകം രണ്ട് പേരെയും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീണ്ടും മണ്ണിടിയുമോയെന്ന ഭയം കാരണം മുകളിലുള്ള മണ്ണും കല്ലും കൂടി നീക്കം ചെയ്തശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്ത് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സ്റ്റോപ്പ് മെമ്മോ നൽകിയിരുന്ന ക്വാറി
മൂന്ന് പാർട്ട്‌ണർമാർ ചേർന്ന് നടത്തുന്നതാണ് എട്ട് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ക്വാറി. ഇതിന്റെ ലൈസൻസ് കാലാവധി ആറ് മാസം മുമ്പ് അവസാനിച്ചിരുന്നു. തുടർന്നും പ്രവർത്തിച്ചുവന്ന ക്വാറിക്ക് നാല് മാസം മുമ്പ് കോഴിക്കോട് തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. അത് അവഗണിച്ച് പ്രവർത്തനം തുടരുകയായിരുന്നു. ജിയോളജി വകുപ്പിന്റെ അനുമതിയും ക്വാറിക്ക് ഇല്ലെന്ന് ജില്ലാ ജിയോളജി ഓഫീസ് അറിയിച്ചു.