l2

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ബോക്സ്ഓഫീസിൽ റെക്കാഡുകൾ സൃഷ്ടിച്ച ലൂസിഫറിന്റെ രണ്ടാംഭാഗത്തിന് എമ്പുരാൻ എന്നാണ് പേരിട്ടിരിക്കുന്നത്.

കൊച്ചിയിൽ മോഹൻലാലിന്റെ വസതിയിൽ വച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. മോഹൻലാലിനെ കൂടാതെ സംവിധായകൻ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ പങ്കെടുത്തു.

ലൂസിഫറിൽ കണ്ടതിന്റെ തുടർക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തിൽ കാണുകയെന്നു സംവിധായകൻ പൃഥ്വിരാജ് അറിയിച്ചു. ആദ്യ ഭാഗത്തിൽ ഒരു മഞ്ഞ് കട്ടയുടെ മുകൾഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിലേറെ കാണാൻ കിടക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി.

മുരളി ഗോപിയുടെ തിരക്കഥയിൽ ആശീർവാദ് സിനിമാസ് നിർമ്മിച്ച ലൂസിഫറിന് രണ്ടാം ഭാഗമുണ്ടായേക്കുമെന്ന് ചിത്രം റിലീസ് ചെയ്ത അന്നു മുതൽ പ്രചരിക്കുന്നുണ്ട്.മുരളി ഗോപിയും പൃഥിരാജും രണ്ടാംഭാഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിൽ ചില സൂചനകളും നൽകിയിരുന്നു.. ഇതോടെയാണ് രണ്ടാംഭാഗം ഉണ്ടാകുമെന്ന തർച്ചകൾക്ക് ചൂടുപിടിച്ചത്. .

ആരാധകരുടെ ആകാംക്ഷ വർദ്ധിപ്പിച്ച് ലൂസിഫർ ടീം വീണ്ടും മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയത്. ലൂസിഫറിലെ എൽ ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്റെ പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകുമെന്നും ഇവർ അറിയിച്ചിരുന്നു.