കൊൽക്കത്ത: എസ്‌കേപ്പ് മാജിക്കിനിടെ ഹൂഗ്ലി നദിയിൽ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. 'ജാദൂഗർ മാൻഡ്രേക്ക്" എന്നറിയപ്പെടുന്ന തെക്കൻ കൊൽക്കത്ത സ്വദേശി ചഞ്ചൽ ലാഹിരിയുടെ (41) മൃതദേഹം തിങ്കളാഴ്ച രാത്രിയോടെയാണ് നദിയിൽനിന്ന് കണ്ടെടുത്തത്.
വിഖ്യാത അമേരിക്കൻ ജാലവിദ്യക്കാരൻ ഹാരി ഹൂഡിനിയെ അനുകരിച്ച് കൈകാലുകൾ ബന്ധിച്ച് വെള്ളത്തിനടിയിൽ അഭ്യാസത്തിനിറങ്ങിയ ചഞ്ചൽ ലാഹിരി ഹൗറപാലത്തിന്റെ 28-ാം നമ്പർ തൂണിനടുത്തായാണ് മുങ്ങിപ്പോയത്.
ഞായറാഴ്ച ഉച്ചയോടെയാണ് മിലേനിയം പാർക്കിനടുത്തു നിന്ന് കൈകാലുകൾ ചങ്ങലയും കയറും ഉപയോഗിച്ച് ബന്ധിച്ച് സഹായികൾക്കൊപ്പം ബോട്ടിലെത്തിയത്. ഹൗറ പാലത്തിൽ നിന്ന് ക്രെയിനുപയോഗിച്ച് നദിയിൽ താഴ്ത്തുകയായിരുന്നു. പത്തു മിനിട്ട് കഴിഞ്ഞിട്ടും കാണാതായതോടെ പ്രകടനം കണ്ടുനിന്നവർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ദുരന്ത ലഘൂകരണ വിഭാഗവും പൊലീസും ചേർന്ന് മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ തെരച്ചിൽ നടത്തുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളത്തിന് അടിയിൽ വച്ച് കെട്ടുകൾ അഴിക്കാനാവാതിരുന്നതാണ് മരണകാരണമെന്നാണ് വിലയിരുത്തൽ. മൃതദേഹം കണ്ടെത്തുമ്പോഴും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
ബോട്ടിലോ കപ്പലിലോ ജാലവിദ്യ കാണിക്കുമെന്ന് പറഞ്ഞാണ് ചഞ്ചൽ കൊൽക്കത്ത പൊലീസിൽ നിന്നും തുറമുഖ ട്രസ്റ്റിൽ നിന്നും അനുമതി വാങ്ങിയത്. വെള്ളത്തിനടിയിലാണെന്ന കാര്യം അറിയിച്ചിട്ടില്ല. സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പുറത്തുവന്നാൽ മാജിക്; അല്ലെങ്കിൽ ദുരന്തം
21 വർഷം മുമ്പ് സമാനമായ വിദ്യ വിജയകരമായി ചെയ്തിട്ടുണ്ടെന്ന് പ്രകടനത്തിനു മുമ്പ് ലാഹിരി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. 'അന്ന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിൽ ചങ്ങല ബന്ധിച്ച് പൂട്ടി ഹൗറ പാലത്തിൽ നിന്ന് താഴേക്കിറക്കുകയായിരുന്നു. 29 സെക്കൻഡിനകം പുറത്തുവന്നു. ഇത്തവണ സ്വതന്ത്രനാകാൻ ബുദ്ധിമുട്ടായിരിക്കും. കെട്ടഴിച്ചു പുറത്തുവന്നാൽ അത് മാജിക്കാണ്. അല്ലെങ്കിൽ ദുരന്തം' - ലാഹിരിയുടെ അവസാന വാക്കുകളിങ്ങനെ.