ബിനോയ് കോടിയേരി തനിക്ക് പണം വാരിക്കോരി തന്ന് തന്റെ വിശ്വാസം പിടിച്ചു പറ്റിയാണ് പീഡിപ്പിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതി ഇങ്ങനെ തുടരുന്നു :
2009 സെപ്തംബറിൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാൻ ദുബായിൽ പോയി. അവിടെ മെഹ്‌ഫിൽ ഡാൻസ് ബാറിൽ ജോലി ചെയ്‌തു. അക്കാലത്താണ് ഞാൻ ബിനോയ് കോടിയേരിയെ പരിചയപ്പെട്ടത്. അയാൾ എനിക്ക് പണം വാരിക്കോരി തന്ന് എന്റെ വിശ്വാസം പിടിച്ചു പറ്റി. ഒരു ദിവസം എന്റെ ഫോൺ നമ്പർ വാങ്ങി എന്നെ വിളിക്കാൻ തുടങ്ങി. താൻ കേരളത്തിൽ നിന്നാണെന്നും ദുബായിൽ കൺസ്‌ട്രക്‌ഷൻ ബിസിനസ് നടത്തുകയാണെന്നും പറഞ്ഞു. അങ്ങനെ അയാൾ എന്റെ അടുത്ത സുഹൃത്തായി. എനിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ തന്നു. ഒരു ദിവസം അയാൾ വിവാഹാഭ്യർത്ഥന നടത്തി. എന്റെ ജോലി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
ബീഹാറിലെ ദരിദ്ര കുടുംബാംഗമാണ് ഞാൻ. പിതാവ് മരണമടഞ്ഞ ശേഷം 2007ൽ മുംബയിൽ എത്തി മൂത്ത സഹോദരിയുടെ വീട്ടിൽ താമസിച്ച് ഡാൻസ് പഠിച്ചു. 2009 ഒക്ടോബറിൽ ബിനോയ് കോടിയേരി ദുബായിലെ വീട്ടിലേക്ക് കൊണ്ടു പോയി. വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധം സ്ഥാപിച്ചു. 2010 ഫെബ്രുവരിയിൽ ബിനോയ് കോടിയേരി മുംബയിലെ അന്ധേരി വെസ്റ്റിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് നൽകി. ബിനോയ് ആണ് വാടക നൽകിയിരുന്നത്.
വിവാഹത്തെ പറ്റി പറഞ്ഞപ്പോഴെല്ലാം അയാൾ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി. കുടുംബാംഗങ്ങൾക്ക് എന്നെ പരിചയപ്പെടുത്തണമെന്ന് പറഞ്ഞപ്പോഴും ഒഴിഞ്ഞു മാറി.
2010 ജൂലായ് 22ന് ഞാൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ബിനോയ് എന്നെ ആശുപത്രിയിൽ വന്നു കണ്ടു. എന്നെയും കുഞ്ഞിനെയും കാണാൻ പതിവായി വരുമായിരുന്നു. 2011ൽ മില്ലത്ത് നഗറിൽ മറ്റൊരു വീടെടുത്തു തന്നു. ആയിടയ്‌ക്ക്, വിവാഹം നടത്തണമെന്ന് ബിനോയിയോട് പറയാൻ അമ്മ എന്നോട് ആവശ്യപ്പെട്ടു. മോന്റെ ഒന്നാം പിറന്നാളിന് വിവാഹം നടത്താമെന്ന് ബിനോയ് പറഞ്ഞു. അപ്പോഴും മാസം തോറും പണം തന്നിരുന്നു. 2014ൽ ജോഗേശ്വരിയിൽ മറ്റൊരു ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തു തന്നു. 2015ൽ, ബിസിനസ് നഷ്‌ടത്തിലാണെന്നും എനിക്ക് ചെലവിന് പണം തരാൻ കഴിയില്ലെന്നും ബിനോയ് അറിയിച്ചു.
ദുബായിയിൽ ബിനോയ് ഉൾപ്പെട്ട 13 കോടി രൂപയുടെ തട്ടിപ്പിനെ പറ്റി 2018ലാണ് അറിഞ്ഞത്. ബിനോയിയുടെ ഫേസ് ബുക്ക് പ്രൊഫൈൽ പരിശോധിച്ചപ്പോഴാണ് അയാളുടെ തനിനിറം ബോദ്ധ്യപ്പെട്ടത്. ബിനോയിക്ക് മൂന്ന് ഫേസ് ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നു. രണ്ടെണ്ണം നിഷ്‌ക്രിയമായിരുന്നു. 2019ൽ തുറന്ന മൂന്നാമത്തെ അക്കൗണ്ടിൽ ബിനോയിയുടെയും കുടുംബത്തിന്റെയും വിശദവിവരങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ബിനോയിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അയാളുടെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.