ന്യൂഡൽഹി: അഴിമതി ആരോപണത്തിന് വിധേയരായ 15 ഉദ്യോഗസ്ഥരോട് നിർബന്ധമായി വിരമിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായതിന് ശേഷം സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ രണ്ടാമത്തെ നടപടിയാണിത്. ആദായനികുതി വകുപ്പിൽ അഴിമതി ആരോണത്തിന് വിധേയരായ മുതിർന്ന ഉദ്യോഗസ്ഥരെയാണ് പുറത്താക്കാൻ തീരുമാനിച്ചത്. 12 ഉദ്യോഗസ്ഥരെ പുറത്താക്കി ഒരാഴ്ച തികയുമ്പോഴാണ് പുതിയ നടപടി.
ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56 (ജെ) വകുപ്പ് പ്രകാരം അഴിമതി, അനധികൃത സ്വത്തുസമ്പാദനം, ലൈംഗിക ചൂഷണം തുടങ്ങിയവയിൽ ആരോപണവിധേയരോടും അന്വേഷണം നേരിടുന്നവരോടുമാണു ധനമന്ത്രാലയം വിരമിക്കാൻ നിർദേശിച്ചത്. 15 പേരും സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിലെ (സി.ബി.ഐ.സി) ഉദ്യോഗസ്ഥരാണ്. സി.ബി.ഐ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത പ്രിൻസിപ്പൽ കമ്മിഷണർ അനൂപ് ശ്രീവാസ്തവയാണ് വിരമിക്കുന്നവരിൽ പ്രമുഖൻ.
ഉദ്യോഗസ്ഥർ കമ്മിഷണർ റാങ്കും അതിന് മുകളിലുള്ളവരുമാണ്. അതുൽ ദിക്ഷിത്, സൻസാർ ഛന്ദ്, ജി.ശ്രീഹർഷ, വിനയ് ബ്രിജ് സിങ്, അശോക് ആർ മഹിദ, അംമരേഷ് ജെയിൻ, നളിൻ കുമാർ, എസ്.എസ്.പബന, എ.എസ്.ബിഷ്ത്, വിനോദ് കുമാർ സംഗ, രാജു ശേഖർ, അശോക് കുമാർ അസ്‌വാൾ, മുഹമ്മദ് അൽത്താഫ്,വിരേന്ദ്രകർ അഗർവാൾ തുടങ്ങിയവർക്കെതിരെയാണ് നടപടി.