കൊല്ലം: വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. വർക്കല വടശ്ശേരിക്കോണം ചെറുന്നിയൂർ ചാണിക്കൽ ചാമവിള വീട്ടിൽ ഷിനുവാണ് (25) പിടിയിലായത്.തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെ തട്ടാമലയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് അതിക്രമം കാട്ടിയത്.
ചാത്തന്നൂരിലെ സ്ഥാപനത്തിലാണ് പെൺകുട്ടി പഠിക്കുന്നത്. ഇവിടെ സഹപാഠിയായ വിദ്യാർത്ഥിനിയുടെ ബന്ധുവാണ് ഷിനു. ഒരു വിവാഹ ചടങ്ങിലാണ് ഷിനു പെൺകുട്ടിയെ കണ്ടുമുട്ടിയത്. തുടർന്ന് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ വീട്ടുകാരുമായി ആലോചിക്കാൻ പറഞ്ഞു. ഷിനു വിവാഹ ആലോചനയുമായി പെൺകുട്ടിയുടെ വീട്ടിലെത്തി. ജാതകപ്പൊരുത്തം ഇല്ലാത്തതിനാൽ വീട്ടുകാർ വിവാഹത്തിന് തയ്യാറായില്ല. ഷിനു വീണ്ടും പിന്നാലെ നടന്നു. മാസങ്ങൾക്ക് മുൻപ് ഒരു രാത്രി പെൺകുട്ടിയുടെ വീടിന് മുകളിൽ കയറിക്കിടന്നു. നാട്ടുകാർ ഇടപെട്ടാണ് അന്ന് മടക്കി അയച്ചത്.
തിങ്കളാഴ്ച വിവാഹാഭ്യർത്ഥനയുമായി ഷിനു വീണ്ടുമെത്തുകയായിരുന്നു. തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞ് പെൺകുട്ടി കതകടച്ചു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പെൺകുട്ടി തൊട്ടടുത്തുള്ള കൂട്ടുകാരിയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ഇതിനിടെ പെട്രോളുമായി ഷിനു വീടിന് മുകളിൽ കയറി ഓടിളക്കി ഉള്ളിലിറങ്ങി. പെട്രോൾ കന്നാസിന്റെ അടപ്പ് ഇളക്കിയപ്പോൾ പെൺകുട്ടി തട്ടിത്തെറിപ്പിച്ചു. പെൺകുട്ടിയുടെയും ഷിനുവിന്റെയും ദേഹത്ത് പെട്രോൾ വീണു. കതക് തുറന്ന് പുറത്തേക്കോടിയ പെൺകുട്ടിയെ ഷിനു പിന്തുടർന്നു. അപ്പോഴേക്കും കൂട്ടുകാരിയും ബന്ധുക്കളും അയൽവാസികളും ഓടിയെത്തി. അവർ ഷിനുവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ പോക്കറ്റിൽ നിന്ന് സിഗരറ്റ് ലൈറ്ററും കണ്ടെടുത്തു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.