മുംബയ്: കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന അനിൽ അംബാനി 210 കോടി ഡോളർ (ഏകദേശം 14,500 കോടി രൂപ) ഉടൻ തിരിച്ചടയ്‌ക്കണമെന്ന് ചൈനീസ് ബാങ്കുകൾ ആവശ്യപ്പെട്ടു. ചൈനാ ഡെവലപ്‌മെന്റ് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഒഫ് ചൈന, എക്‌സിം ബാങ്ക് തുടങ്ങിയവയിൽ നിന്ന് വൻ തുകയുടെ വായ്‌പ അനിൽ അംബാനിയുടെ കീഴിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് വാങ്ങിയിരുന്നു. അനിൽ അംബാനി നിലവിൽ 'പാപ്പരത്ത നടപടി" നേരിടുന്ന സാഹചര്യത്തിലാണ് വായ്‌പ ഉടൻ തിരിച്ചടയ്ക്കണമെന്ന ആവശ്യവുമായി ചൈനീസ് ബാങ്കുകളെത്തിയത്.

റിലയൻസ് കമ്മ്യൂണിക്കേഷൻസിന് മൊത്തം 57,382 കോടി രൂപയുടെ കടബാദ്ധ്യതയുണ്ട്. 9,860 കോടി രൂപ വായ്‌പ നൽകിയ ചൈന ഡെവലപ്‌മെന്റ് ബാങ്കാണ് ഇതിൽ മുന്നിൽ. എക്‌സിം ബാങ്കിന് 3,360 കോടി രൂപ നൽകാനുണ്ട്. 1,554 കോടി രൂപയാണ് കൊമേഴ്‌സ്യൽ ബാങ്ക് ഒഫ് ചൈനയിൽ തിരിച്ചടയ്ക്കാനുള്ളത്. ടെലികോം കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ആസ്‌തികൾ, ജ്യേഷ്‌ഠനും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനുമായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസിന് 17,000 കോടി രൂപയ്ക്ക് വില്‌ക്കാൻ അനിൽ അംബാനി ശ്രമിച്ചിരുന്നു.

കേസുകളെ തുടർന്ന്, ഈ നീക്കം പരാജയപ്പെട്ടതോടെയാണ് അനിൽ പാപ്പരത്ത ഹർജിയിലേക്ക് കടന്നത്. പതിനൊന്ന് വർഷം മുമ്പ് ലോകത്തെ അതിസമ്പന്നരിൽ ഒരാളായിരുന്ന അനിൽ അംബാനി, കടക്കെണിമൂലം ഇപ്പോൾ ശതകോടീശ്വര പട്ടികയിൽ നിന്നും പുറത്തായി.