കൊടുങ്ങല്ലൂർ: കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ എന്ന ചന്ദ്രൻ കുട്ടി (55) കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിര്യാതനായി. കാൻസർ രോഗ ബാധിതനായിരുന്നു. പുല്ലൂറ്റ് നീലക്കംപാറ വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ് അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്നു. ക്ഷീണാവസ്ഥയിലുള്ള ചന്ദ്രൻകുട്ടിയുടെ അവസ്ഥ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായതോടെ 35 വർഷത്തിന് ശേഷം സഹോദരനെ കാണാൻ ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയിരുന്നു. പറവൂർ നന്ത്യാട്ട് കുന്നം ചുള്ളിക്കാട് വീട്ടിൽ ശിവരാമന്റെയും അംബുജത്തിന്റെയും മകനാണ് ചന്ദ്രൻ കുട്ടി. സഹോദരി:പത്മജ. മൃതദേഹം ഇന്നലെ വൈകിട്ട് 6 ഓടെ പറവൂർ തോന്ന്യക്കാവ് ശ്മശാനത്തിൽ സംസ്‌കരിച്ചു.