വർക്കല : മാവേലിക്കരയിൽ സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന സംഭവത്തിന്റെ നടുക്കം മറുന്നതിന് മുൻപ് വീണ്ടും അതെ രീതിയിൽ കൊലപാതക ശ്രമം. വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ആണ് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് വർക്കല വടശേരിക്കോണം ചാണയ്ക്കൽ ചരുവിള വീട്ടിൽ സിനു (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നുന്നെന്ന് യുവതി മൊഴി നല്‍കി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. യുവതിയുമായി പരിചയത്തിലായിരുന്ന സിനു വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ പലതവണ വിവാഹാഭ്യർത്ഥന നടത്തിയിട്ടും യുവതി വഴങ്ങിയില്ല. ഇതിന് പിന്നാലെയാണ് ഷിനു വീടിന്റെ ഓടിളക്കി യുവതിയുടെ കിടപ്പുമുറിയിൽ എത്തിയത്.
തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സിനു സ്വന്തംദേഹത്തും യുവതിയുടെ ദേഹത്തും പെട്രോൾ ഒഴിച്ചു. സംഭവ സമയത്ത് യുവതിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ നിലവിളി കേട്ട് അയൽവാസികലെത്തിയതിനാലാണ് വൻദുരന്തം ഒഴിവായതെന്ന് പൊലീസ് പറയുന്നു.