പ്രയാഗ്‌രാജ് : അയോദ്ധ്യ ഭീകരാക്രമണ കേസിൽ നാല് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരാളെ വെറുതെ വിട്ടു. പ്രതികൾക്ക് 2.4 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പതിനാലാം വാർഷികത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പ്രയാഗ് രാജിലെ പ്രത്യേക കോടതി കേസിൽ വിധി പറഞ്ഞത്. 2005 ജൂലായ് അഞ്ചിനാണ് അയോദ്ധ്യയിലെ തർക്കഭൂമിയിൽ സ്ഥിതിചെയ്യുന്ന താത്ക്കാലിക ക്ഷേത്രത്തിന് നേരെ തീർത്ഥാടകരായി വേഷം മാറിയെത്തിയ ഭീകരർ വാടകയ്‌ക്കെടുത്ത ജീപ്പിൽ ബോംബ് ഘടിപ്പിച്ച് സ്‌ഫോടനം നടത്തിയത്. കൂടാതെ, റോക്കറ്റ് ലോഞ്ചർ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് വെടിവയ്പ്പും നടത്തി. ആക്രമണം നടത്തിയ അഞ്ച് ഭീകരരെയും സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ അഞ്ച് ഭീകരരെ അന്വേഷണസംഘം പിന്നീട് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തത്. മുമ്പ്, ഫൈസാബാദിലെ കോടതിയിലാണ് കേസ് പരിഗണിച്ചിരുന്നതെങ്കിലും അവിടുത്തെ അഭിഭാഷകർ പ്രതികൾക്ക് വേണ്ടി വാദിക്കാൻ തയ്യാറാകാത്തതിനാൽ കേസ് പ്രയാഗ് രാജിലെ കോടതിയിലേക്ക് മാറ്റുകയായിരുന്നു.