bihar-

ഭുവനേശ്വർ: ലിച്ചിപ്പഴത്തിൽ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധന നടത്താൻ ഒഡീഷ സർക്കാർ നിർദ്ദേശിച്ചു. ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് നൂറോളം കുട്ടികൾ മരിച്ചത് ലിച്ചിപ്പഴം കഴിച്ചതുകൊണ്ടാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് തീരുമാനം.

വിപണിയിൽ വില്പനയ്ക്കെത്തിച്ചിട്ടുള്ള ലിച്ചിപ്പഴങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോർ ദാസാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്. ചിലതരം ലിച്ചിപ്പഴങ്ങളിൽ കണ്ടെത്തിയ ഘടകങ്ങൾ മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലിച്ചിപ്പഴം കഴിച്ച കുട്ടികൾക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.

ഏതാനും ആഴ്ചകൾക്കുള്ളിൽ ബിഹാറിലെ മുസാഫർപുരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറോളം കുട്ടികളാണ് മരിച്ചത്. ബാലമരണങ്ങൾക്ക് അറുതിവരുത്തുന്നതിന് അടിയന്തിരമായി പ്രത്യേക കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതു താല്‍പര്യ ഹർജിസമർപ്പിക്കപ്പെട്ടിട്ടുണ്ട്.