അഫ്ഗാനിസ്ഥാനെ 150 റൺസിന് കീഴടക്കി ഇംഗ്ളണ്ട്
ഇംഗ്ളണ്ടിന് കൂറ്റൻ സ്കോർ, 397/6.
അഫ്ഗാൻ 247/8
ഇയോൻ മോർഗന് സെഞ്ച്വറി (148)
ജോ റൂട്ടിനും (88), ബെയർ സ്റ്റോയ്ക്കും (90) അർദ്ധ സെഞ്ച്വറികൾ
മാഞ്ചസ്റ്റർ : ലോകകപ്പിൽ ഇന്നലെ ആതിഥേയരായ ഇംഗ്ളണ്ടിനെതിരെ പന്തെറിഞ്ഞശേഷം അഫ്ഗാനിസ്ഥാൻ കളിക്കാർക്ക് മാനത്തേക്ക് നോക്കി വായും പൊളിച്ച് നിൽക്കാനായിരുന്നു വിധി. ഇയോൻ മോർഗനും ജോ റൂട്ടും ബെയർസ്റ്റോയും മൊയീൻ അലിയുമൊക്കെ ഒന്നിനു പിറകെ ഒന്നായി സിക്സുകൾ അടിച്ചു കൂട്ടിയപ്പോൾ നിശ്ചിത 50 ഓവറിൽ അഫ്ഗാൻ വഴങ്ങിയത് 397 റൺസ്. ആകാശത്തേക്ക് ഇരുകൈകളുമുയർത്തി അമ്പയർമാരും തളർന്നു കാണും. ഏകദിനത്തിലും ട്വന്റി-20യിലും ഐ.പി.എല്ലിലുമൊക്കെ അത്ഭുത ബൗളറായി വാഴ്ത്തപ്പെട്ട റാഷിദ്ഖാന്റെ മാനവും ഇന്നലെ മോർഗനും കൂട്ടരും കീറിപ്പറത്തി. മറുപടിക്കിറങ്ങിയ അഫ്ഗാൻ 50 ഓവറിൽ 247/8 എന്ന നിലയിൽ ഒതുങ്ങിയപ്പോൾ 150 റൺസിന്റെ വിജയവും ആതിഥേയർ സ്വന്തമാക്കി. ലോകകപ്പിലെ നാലാം വിജയവും എട്ടുപോയിന്റുമായി ഇംഗ്ളണ്ട് ഒന്നാമതെത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 397 റൺസടിച്ചത്. നായകൻ ഇയോൻ മോർഗന്റെ സെഞ്ച്വറിയും (71 പന്തിൽ 148 റൺസ്), ഓപ്പണർ ജോണി ബെയർ സ്റ്റോയുടെയും (99 പന്തുകളിൽ 90 റൺസ്). ജോറൂട്ടിന്റെയും (82 പന്തുകളിൽ 88 റൺസ്). അർദ്ധ സെഞ്ച്വറികളുടെയും മികവിലാണ് ഇംഗ്ളണ്ട് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ നേടിയത്. 17 സിക്സുകളുമായി മോർഗൻ ഏകദിന മത്സരത്തിലെ സിക്സുകളുടെ റെക്കാഡ് തിരുത്തിക്കുറിക്കുകയും ചെയ്തു. ശ്രദ്ധയോടെ തുടങ്ങി അവസാനഘട്ടത്തിൽ ആഞ്ഞടിക്കുന്ന രീതിയാണ് ഇംഗ്ളണ്ട് അനുവർത്തിച്ചത്. ജാസൺറോയ് പരിക്കുമൂലം പുറത്തിരുന്നപ്പോൾ ബെയർസ്റ്റോയ്ക്കൊപ്പം ഇന്നിംഗ്സ് ആരംഭിക്കാനെത്തിയത് ജെയിംസ് വിൻസാണ്. 31 പന്തുകളിൽ 26 റൺസെടുത്ത വിൻസ് 10-ാം ഓവറിൽ ദൗലത്ത് സാദ്രാന്റെ പന്തിൽ മുജിബുർ റഹ്മാന് കാച്ച് നൽകി മടങ്ങുമ്പോൾ ഇംഗ്ളണ്ട് 44 റൺസാണ് നേടിയിരുന്നത്. തുടർന്ന് ജോ റൂട്ട് ബെയർ സ്റ്റോയ്ക്കൊപ്പം ഇന്നിംഗ്സ് മുന്നോട്ടുനീക്കി. 12-ാം ഓവറിൽ 50 കടന്ന ഇംഗ്ളണ്ട് 20-ാം ഓവറിൽ 100ലെത്തി. തുടർന്ന് റൺറേറ്റ് ഉയരാൻ തുടങ്ങി. 120 റൺസ് കൂട്ടിച്ചേർത്ത സഖ്യം 36-ാം ഓവറിലാണ് പുറത്തായത്. എട്ടു ഫോറും മൂന്ന് സിക്സും പറത്തിയ ബെയർസ്റ്റോയെ നായ്ബ് സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. തുടർന്ന് ക്യാപ്ടൻ കളത്തിലേക്കിറങ്ങി. മിന്നലുപോലെ സിക്സുകൾ പറത്തിയ മോർഗൻ സ്കോർ ബോർഡ് റോക്കറ്റ് വേഗത്തിലാക്കി. റൂട്ടും തകർക്കാൻ തുടങ്ങിയതോടെ അഫ്ഗാൻ ബൗളർമാർ നിസഹായരായി. 95 പന്തുകളിൽ നിന്ന് മോർഗൻ-റൂട്ട് സഖ്യം കൂട്ടിച്ചേർത്തത് 189 റൺസാണ്. 47-ാം ഓവറിൽ നയ്ബ് തന്നെ മോർഗനെയും റൂട്ടിനെയും റഹ്മത്ത് ഷായുടെ കൈയിലെത്തിച്ചെങ്കിലും അതിനകം ഇംഗ്ളണ്ട് 359/4 എന്ന സ്കോറിലെത്തിയിരുന്നു. ബട്ലറും (2) സ്റ്റോക്സും (2) പെട്ടെന്ന് മടങ്ങിയെങ്കിലും 9 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടക്കം പുറത്താകാതെ 31 റൺസ് നേടി മൊയീൻ അലി ടീമിനെ 397ലെത്തിച്ചു. . 25 സിക്സുകളാണ് ഇംഗ്ളീഷ് ബാറ്റ്സ്‌മാൻമാരെല്ലാം ചേർന്ന് ഇന്നലെ അടിച്ചുകൂട്ടിയത്. ഏകദിന മത്സരത്തിൽ ഒരു ടീം നേടുന്ന ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെക്കാഡ് ഇതോടെ ഇംഗ്ളണ്ട് സ്വന്തമാക്കി. ഈ വർഷമാദ്യം വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ളണ്ട് തന്നെ ഉയർത്തിയിരുന്ന റെക്കാഡാണ് ഇന്നലെ തിരുത്തിയെഴുതപ്പെട്ടത്. 17 സിക്സുകളാണ് ഇംഗ്ളീഷ് ക്യാപ്ടൻ ഇയോൻ മോർഗൻ ഇന്നലെ പറത്തിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ ഒരു മത്സരത്തിൽ നേടുന്ന ബാറ്റ്സ്‌മാൻ എന്ന റെക്കാഡും മോർഗൻ സ്വന്തമാക്കി. 16 സിക്സുകൾ വീതം നേടിയിരുന്ന ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ, ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്‌മാൻ എ.ബി. ഡിവില്ലിയേഴ്സ്, വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്‌മാൻ ക്രിസ്‌ഗെയ്ൽ എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കാഡാണ് മോർഗൻ തകർത്തുകളഞ്ഞത്. ഇന്നലെ സിക്സുകളിൽ നിന്ന് മാത്രം മോർഗൻ 102 റൺസ് നേടി. 11 സിക്സുകളാണ് അഫ്ഗാൻ സ്പിന്നർ റാഷിദ്ഖാൻ ഇന്നലെ വഴങ്ങിയത്. 110 റൺസാണ് റാഷിദ് ഖാൻ ഇന്നലെ ഒൻപത് ഓവറിൽ വഴങ്ങിയത്. ഇന്നിംഗ്സിൽ കൂടുതൽ റൺസ് വിട്ടുകൊടുക്കുന്ന മൂന്നാമത്തെ ബൗളറായി റാഷിദ് മാറി. 2006ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 10 ഓവറിൽ 113 റൺസ് വഴങ്ങിയ ആസ്ട്രേലിയൻ ബൗളർ മിക്ക് ലെവിസും 2016ൽ ഇംഗ്ളണ്ടിനെതിരെ 10 ഓവറിൽ 110 റൺസ് വഴങ്ങിയ പാകിസ്ഥാനി പേസർ വഹാബ് റിയാസുമാണ് റാഷിദിന് മുന്നിലുള്ളത്. എന്നാൽ, ഇക്കോണമിയിൽ ഇവരെക്കാൾ മോശമാണ് റാഷിദ് (12:22). മിസ് ക്യാച്ച് വ്യക്തിഗത സ്കോർ 28ൽ നിൽക്കെ റാഷിദിന്റെ ബൗളിംഗിൽ ദൗലത്ത് സാദ്രാൻ മോർഗന്റെ ക്യാച്ച് കൈവിട്ട് നിർണായകമായി. 4 ലോകകപ്പിലെ നാലാമത്തെ വേഗതയേറിയ സെഞ്ച്വറിയാണ് മോർഗൻ സ്വന്തമാക്കിയത്. 57 പന്തുകളിൽ നിന്നാണ് മോർഗൻ മൂന്നക്കം തികച്ചത്. 8 സിക്സുകളാണ് റാഷിദ് ഖാനെതിരെ മോർഗൻ പറത്തിയത്. 142 റൺസാണ് അവസാന പത്തോവറിൽ ഇംഗ്ളണ്ട് അടിച്ചുകൂട്ടിയത്. 397/6 ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോറാണ് ഇംഗ്ളണ്ട് ഇന്നലെ നേടിയത്. ബംഗ്ളാദേശിനെതിരെ ഇംഗ്ളണ്ട് തന്നെ ഉയർത്തിയ 386/6 ആണ് ഇന്നലെ പഴങ്കഥയായത്. 4 ഈ ലോകകപ്പിൽ ഇത് നാലാം തവണയാണ് ഇംഗ്ളണ്ട് 300ന് മേൽ സ്കോർ ഉയർത്തുന്നത്. 22 ഈ ലോകകപ്പിൽ മോർഗൻ ഇതുവരെ നേടിയ സിക്സുകളുടെ എണ്ണം 22 ആയി 367 ഈ ലോകകപ്പിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്താണ് ജോറൂട്ട്. 384 റൺസ് നേടിയ ബംഗ്ളാദേശ് താരം ഷാക്കിബ് അൽഹസാണ് ഒന്നാം സ്ഥാനത്ത്.