ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യസർക്കാരിൽ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി രംഗത്തെത്തി. എല്ലാ ദിവസവും താൻ വേദനയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തിയ കുമാരസ്വാമി എന്നാൽ സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം പരിഗണിച്ച് ഒന്നും തുറന്ന് പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. സഖ്യസർക്കാരിനെ താഴെയിറക്കാൻ ഓപ്പറേഷൻ ലോട്ടസുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് കുമാരസ്വാമിയുടെ തുറന്ന് പറച്ചിൽ.
പുറത്ത് നിന്ന് നോക്കുമ്പോൾ ഞാനാണ് കർണാടകയുടെ മുഖ്യമന്ത്രി. എന്നാൽ ഓരോ ദിവസവും താൻ വേദനിക്കുകയാണ്, ഇക്കാര്യം താൻ തുറന്ന് പറഞ്ഞാൽ പിന്നെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരാണുണ്ടാവുകയെന്നും കുമാരസ്വാമി ചോദിച്ചു. സംസ്ഥാനത്തിന്റെ താതപര്യങ്ങൾ പരിഗണിക്കുമ്പോൾ തന്റെ വേദനയ്‌ക്ക് പിന്നിലെ കാരണം ആരോടും പറയാൻ തോന്നില്ല. സംസ്ഥാന സർക്കാർ നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. സർക്കാരിന്റെ നല്ല നടത്തിപ്പിന് എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, സഖ്യസർക്കാരിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വികാരഭരിതനായ കുമാരസ്വാമി പൊതുവേദിയിൽ പൊട്ടിക്കരഞ്ഞിരുന്നു. ഒരു സഹോദരൻ മുഖ്യമന്ത്രിയായത് പോലെ വളരെ സന്തോഷത്തോടെയാണ് എന്നെ സ്വീകരിക്കാൻ എല്ലാവരും നിൽക്കുന്നത്. എന്നാൽ താൻ മാത്രം ദുഖിതനാണ്. സഖ്യസർക്കാരിനെ നയിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ എനിക്ക് കൃത്യമായി അറിയാം. ഭഗവാൻ ശിവനെപ്പോലെ എല്ലാ വേദനകളും സ്വയം ഞാൻ ഏറ്റെടുക്കുകയാണെന്നും കുമാരസ്വാമി വ്യക്തമാക്കി. അത്യന്തം നാടകീയമായ നീക്കങ്ങളിലൂടെ കർണാടകയിൽ അധികാരത്തിലേറിയതിന് പിന്നാലെ തന്നെ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യത്തിൽ ഭിന്നതകൾ ഉടലെടുത്തിരുന്നു.മന്ത്രിസ്ഥാനത്തെച്ചൊല്ലിയും സർക്കാരിന്റെ ഭരണരീതികളെപ്പറ്റിയും ചിലർ പരസ്യ പ്രസ്താവനകൾ നടത്തിയതും പ്രതിസന്ധി രൂക്ഷമാക്കി.ഇതിനിടയിൽ അവസരം മുതലെടുത്ത് സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാൻ ബി.ജെ.പി ശ്രമം നടത്തി. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ എം.എൽ.എമാരെ ഒരുമിച്ച് നിറുത്താന കോൺഗ്രസിനും ജെ.ഡി.എസിനും കഴിഞ്ഞു.