gangrape

രാംപൂർ: ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ഉത്തർ പ്രദേശിലാണ് സംഭവം. രാംപൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയേയും ഭർത്താവിനെയുമാണ് നാല് പേർ ചേർന്ന് ആക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന ഇവരെ വഴിയിൽ തടഞ്ഞു നിർത്തിയ ശേഷം ഭർത്താവിനെ ആക്രമികൾ മരത്തിൽ കെട്ടിയിടുകയായിരുന്നു.

ശേഷമാണ്, സംഘം ചേർന്ന് നാല് പേരും സ്ത്രീയെ ഉപദ്രവിക്കുന്നത്. ഇവർ ഇതിന്റെ വീഡിയോ തങ്ങളുടെ ഫോണുകളിൽ ചിത്രീകരിക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ദമ്പതികൾ സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. പൊലീസ് ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ കുറ്റവാളികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിച്ചുവെന്ന് ആരോപണം ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള വാർത്തകൾ മാദ്ധ്യമങ്ങളിലും വന്നിരുന്നു. ഇതിനെത്തുടർന്ന്, സംഭവത്തിൽ പങ്കാളികളായിരുന്ന മൂന്ന് പേരെ തങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിൽ ക്രമസമാധാന പ്രശ്നങ്ങൾ രൂക്ഷമാകുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങൾ ശക്തമാക്കുമെന്നും അവർക്കെതിരെയുള്ള ആക്രമണങ്ങൾ തടയുമെന്നും യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ സ്ഥിതിഗതികൾ മോശമാണെന്നാണ് അടിക്കടി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പറയുന്നത്.