gold-smuggling

തിരുവനന്തപുരം: സ്വർണക്കടത്തിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന് പങ്കില്ലെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ്​ (ഡി.ആർ.ഐ) അറിയിച്ചു. സ്വർണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശൻ തമ്പി പരിചയപ്പെട്ടതു ബാലഭാസ്കറിന്റെ പേര് പറഞ്ഞാണെന്നും മൊഴി ലഭിച്ചു. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശൻതമ്പിയും ചേർന്ന് 200 കിലോയിലേറെ സ്വർണം കടത്തിയതായി റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തൽ. എന്നാൽ,​ ബാലഭാസ്കർ ജീവിച്ചിരുന്ന സമയത്ത് ഇരുവരും സ്വർണം കടത്തിയതായി തെളിവില്ലെന്നും ഡി.ആർ.ഐ അറിയിച്ചു.

അതേസമയം,​ സ്വർണക്കടത്ത് കേസിൽ കീഴടങ്ങിയ പ്രതി വിഷ്ണു സോമസുന്ദരത്തെ കസ്റ്റഡിയിൽ വാങ്ങാൻ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിക്കും. സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ അന്വേഷണസംഘത്തിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ വിഷ്ണു സോമസുന്ദരം സഹകരിച്ചില്ലെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു.

കള്ളക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മൗനം നടിച്ചും തെളിവുകൾ ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങൾക്ക് നിഷേധാത്മകമായ മറുപടി നൽകിയും അന്വേഷണ സംഘത്തെ കുഴപ്പിക്കുകയായിരുന്നു വിഷ്ണു. അതിനാൽ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാനാണ് ഡി.ആർ.ഐയുടെ തീരുമാനം.

കോടതി നിർദ്ദേശപ്രകാരം കീഴടങ്ങിയ വിഷ്‌ണു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഡി.ആർ.ഐ പറഞ്ഞു. രാവിലെ 11 മുതൽ രാത്രി ഒമ്പതര വരെ പ്രതിയെ ചോദ്യം ചെയ്തു. രഹസ്യം ഒളിക്കുന്ന രീതിയാണ് തുടർന്നത്. പല ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. അതേസമയം, ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്ന് വിഷ്ണു പറഞ്ഞു.

സുഹൃത്തായിരുന്നു. ഫിനാൻസ് മാനേജരായും പ്രവർത്തിച്ചിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും പറഞ്ഞു. വിഷ്ണുവിന്റെ കാരിയ‌ർമാരായി സ്വർണം കടത്തിയ സെറീന ഷാജിയും സുനിൽകുമാറും 25 കിലോ സ്വർണവുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടതോടെയാണ് കള്ളക്കടത്ത് സംഘത്തിന്റെ തലവനെന്ന് അന്വേഷണ സംഘം വിശേഷിപ്പിക്കുന്ന വിഷ്ണു സോമസുന്ദരം ഒളിവിൽ പോയത്. എറണാകുളം സാമ്പത്തിക കോടതിയിൽ വിഷ്ണു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോടതി നിർദ്ദേശാനുസരണമാണ് വിഷ്ണു തിങ്കളാഴ്ച ഡി.ആർ.ഐയുടെ കൊച്ചി ഓഫീസിലെത്തി കീഴടങ്ങിയത്.