binoy-kodiyeri

ന്യൂഡൽഹി:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പൊലീസിൽ പരാതിപ്പെടുന്നതിന് മുമ്പ് യുവതി പാർട്ടി കേന്ദ്ര നേതൃത്വത്തിനെ സമീപിച്ചിരുന്നുവെന്ന് റിപ്പോർട്ട്. വിഷയം സി.പി.എം കേന്ദ്രനേതൃത്വം ചർച്ച ചെയ്‌തിട്ടുണ്ട്. ജൂൺ 13നാണ് ബിനോയ് കോടിയേരിക്കെതിരെ മുംബയ് പൊലീസ് കേസെടുത്തത്. ഇതിനും പല ദിവസങ്ങൾ മുമ്പ് തന്നെ യുവതി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നുവെന്നാണ് വിവരം. തന്നെ വിവാഹ വാഗ്‌ദ്ധാനം ചെയ്‌ത് പീഡിപ്പിച്ചെന്ന് കാട്ടി ബീഹാർ സ്വദേശിനിയായ ബാർ ഡാൻസർ നൽകിയ പരാതിയിലാണ് ബിനോയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടന്ന നേതൃയോഗങ്ങൾക്കിടെ ഡൽഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി ഇക്കാര്യം കേന്ദ്രനേതൃത്വം ചർച്ച ചെയ്‌തിരുന്നുവെന്നാണ് വിവരം. പാർട്ടിയുടെ ഔദ്യോഗിക വിഷയമല്ലാത്തതിനാൽ വ്യക്തിപരമായ കൂടിയാലോചനകളാണ് നടന്നത്. ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്രനേതൃത്വത്തിനെ അറിയിച്ചു. പരാതി വ്യക്തിപരമായതിനാൽ പാർട്ടി ഒരുതരത്തിലും ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടേയെന്നുമുള്ള നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. നേതാക്കളാരും വിഷയത്തിൽ ഇടപെടരുതെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

വിവാഹ വാഗ്‌ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിനീഷിനെതിരെ മുംബയ് പൊലീസ് കേസെടുത്തിരുന്നു. 33 കാരിയായ മുംബയ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബയ് ഓഷിവാര പൊലീസാണ് ജൂൺ 13ന് എഫ്.ഐ.ആർ രജിസ്റ്രർ ചെയ്തത്. ബിനോയ് വിവാഹവാഗ്‌ദാനം നൽകി വർഷങ്ങളോളം പിഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. 2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ദുബായിൽ ഡാൻസ് ബാറിൽ യുവതി ജോലി ചെയ്യുമ്പോൾ ബിനോയ് അവിടെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.