രണ്ട് ദിവസം മുമ്പ് നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ വേദിയിലിരിക്കുന്ന മോഹൻലാലിന് ആരാധകർ ആർപ്പുവിളിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം ഹരീഷ് പേരടി. മോഹൻലാൽ ആരാധകരെ നിയന്ത്രിക്കണമായിരുന്നെന്നും ഔദ്യോഗിക പദവികളെ ഫാൻസ് ബഹുമനിച്ചേ പറ്റൂവെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു ... അത് പിണറായിയായാലും,മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു....
അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം... ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് ... എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു... ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട് ... അതിന് നന്ദിയും പറയുന്നു ...എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കും.