ന്യൂഡൽഹി: തന്റെ പുതിയ യോഗ വീഡിയോയുമായി 'മോദി'യെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആനിമേറ്റഡ് രൂപം യോഗ ചെയ്യുന്ന വീഡിയോ ആണ് തന്റെ ട്വിറ്റർ ഹാൻഡിൽ വഴി അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 'നിങ്ങൾ സൂര്യനമസ്ക്കാരം ദിനചര്യയുടെ ഭാഗമാക്കിയോ?' എന്ന ചോദ്യത്തോടൊപ്പമാണ് മോദി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യോഗ ചെയ്യുന്നത് ഒരു നല്ല കാര്യമാണെന്നും, അത് സ്ഥിരമായി ചെയ്യുന്നത് കൊണ്ട് ഗുണഫലങ്ങൾ അനവധിയാണെന്നും മോദി പറയ്യുന്നുണ്ട്.
Have you made Surya Namaskar a part of your routine?
— Narendra Modi (@narendramodi) June 19, 2019
Do watch this video to know why it is a good idea to do so and the advantages that come with regularly practising it. #YogaDay2019 pic.twitter.com/CqfolZzRrj
യോഗയുടെ ഓരോ ചുവടുകളും വിശദീകരിച്ചുകൊണ്ടാണ് മോദി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കാവി നിറമുള്ള ടീ ഷർട്ട് ധരിച്ച് തുറന്നിട്ട ജനാലകളും വാതിലുകളും ഉള്ള മുറിയിൽ വച്ചാണ് 'മോദി' യോഗ അഭ്യസിക്കുന്നത്. സൂര്യോദയത്തിന്റെ സമയത്തും, അസ്തമയത്തിന്റെ സമയത്തും ചെയുന്ന യോഗാസനമാണ് സൂര്യനമസ്ക്കാരം. 8 ആസനങ്ങളാണ് ഇതിലുള്ളത്.
ശരീരത്തിന് മാത്രമല്ല ആത്മീയ ഗുണത്തിനും യോഗ വളരെ ഉപകാരപ്രദമാണ് എന്നും മോദി പറയുന്നുണ്ട്. നിയന്ത്രിത ശ്വസനമാണ് ഇതിൽ പ്രധാനമെന്നും ഇത് എങ്ങനെ പരിശീലിക്കാമെന്നും വീഡിയോയിൽ പറയുന്നു. ദഹനവ്യവസ്ഥയ്ക്കും, ശരീരഭാരം കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും, യോഗ ഉപകാരപ്രദമാകുമെന്നും വീഡിയോയിൽ വിശദീകരിക്കുന്നു.
കഴിഞ്ഞ വർഷമാണ് മോദിയുടെ അനിമേറ്റഡ് രൂപം യോഗ അഭ്യസിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇക്കൊല്ലം ജൂൺ അഞ്ചിനാണ് മോദി ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. ഇങ്ങനെ 10 വീഡിയോകൾ ഇതുവരെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.