rv-400

പൂർണമായും ഇലക്ട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മോട്ടോർ സൈക്കിൾ റിവോർട്ട് ഇന്റലികോർപ്പ് പുറത്തിറക്കി. അടുത്ത മാസം ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്ന വാഹനം ഇതിന് പിന്നാലെ തന്നെ വിപണിയിലെത്തുമെന്നും കമ്പനി വ്യക്തമാക്കി. ജൂൺ 25 മുതൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആയിരം രൂപ നൽകി വാഹനം ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു. ആർ.വി 400 എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ സ്പെസിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മനേസർ, ഹരിയാന എന്നിവിടങ്ങളിലെ ഫാക്ടറികളിൽ നിന്നാണ് വാഹനം പുറത്തിറങ്ങുന്നത്.

കമ്പനി ഇതുവരെ പുറത്ത് വിട്ട വിവരങ്ങൾ വച്ച് നോക്കുമ്പോൾ വിപണിയിൽ നിലവിലുള്ള എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെയും കടത്തിവെട്ടുന്ന വിധത്തിലുള്ളതാണ് ആർ.വി 400ന്റെ നിർമാണം. എൽ.ഇ.ഡി ലൈറ്റുകളും പൂർണമായും ഡിജിറ്റലായ ഇൻസ്‌ട്രുമെന്റ് കൺസോളും ആകർഷകമായ നിറവും എടുത്തുപറയേണ്ട പ്രത്യേകതകളാണ്. നി‌ർമിത ബുദ്ധി ഉപയോഗിച്ച് വാഹനത്തിന്റെ ബാറ്ററി ക്ഷമത നിയന്ത്രിക്കാൻ കഴിയും. റിയൽ ടൈം ബാറ്ററി കൺസപ്‌ഷൻ, റേഞ്ച്, യാത്ര ചെയ്‌ത ദൂരം, എത്ര സമയമെടുത്തു, തുടങ്ങിയ കാര്യങ്ങളും ഇതുവഴി അറിയാം. ബ്ലൂടൂത്ത് വഴി സ്മാർട്ട് ഫോണുമായി ബന്ധിപ്പിക്കാൻ കഴിയുന്ന വാഹനം ഉപഭോക്താവിന് മൊബൈൽ, ശബ്‌ദ സംവിധാനം തുടങ്ങിയവ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യാം. ഇനി ബാറ്ററി ഉപയോഗിക്കുന്ന വണ്ടി വേണ്ടെങ്കിൽ ആർ.വി 400ന്റെ പെട്രോൾ എഡിഷനും കമ്പനി വാഗ്‌ദ്ധാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഉപഭോക്താവിന് മാറ്റാൻ കഴിയുന്ന രീതിയിൽ നാല് തരത്തിലുള്ള എക്‌സോസ്‌റ്റ് നോട്ടുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഭാവിയിൽ ഒ.ടി.എ അപ്‌ഡേറ്റ് വഴി കൂടുതൽ എക്‌സ്ഹോസ്‌റ്റ് നോട്ടുകൾ കൂട്ടിച്ചേർക്കാൻ കഴിയുമെന്നും കമ്പനി വാഗ്‌ദ്ധാനം ചെയ്യുന്നു.

ഒരു തവണ ചാർജ് ചെയ്‌താൽ 150 കിലോ മീറ്റർ വാഹനം സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മാത്രവുമല്ല മണിക്കൂറിൽ 85 കിലോമീറ്റർ വേഗത ആർജിക്കാനും ആർ.വി 400നാകും.മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളോടെ എത്തുന്ന വാഹനത്തിന്റെ മുന്നിൽ ഇൻവെർട്ടഡ‌് ഫോർക്കും പിന്നിൽ മോണോ ഷോക്ക് സസ്‌പെൻഷനുമാണ് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏതാണ്ട് ഒരുലക്ഷം രൂപയായിരിക്കും എക്‌സ്ഷോറൂം വിലയെന്നാണ് റിപ്പോർട്ടുകൾ.