renu-raj

ഇടുക്കി: മൂന്നാർ പഞ്ചായത്തിലെ വഴിയോരക്കച്ചവടങ്ങൾക്ക് അന്ത്യം കുറിച്ച് ദേവികുളം സബ് കളക്ടർ രേണു രാജ്. കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള വഴിയോരക്കച്ചവടങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ ധാരാളം പരാതികൾ വന്നിട്ടും മൂന്നാർ പഞ്ചായത്ത് നടപടിയെടുത്തിരുന്നില്ല.

മൂന്നാർ ടൗൺ, മെയിൻ ബസാർ,ചർച്ചിൽ പാലം, കോളനി റോഡിലെ വിദേശമദ്യഷോപ്പിന് സമീപമുള്ള കച്ചവടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ അനധികൃത കച്ചവടങ്ങളാണ് രേണു രാജിന്റെ നിർദ്ദേശ പ്രകാരം പൊളിച്ചുനീക്കിയത്. അതേസമയം മെയിൻ ബസാറിലെ കച്ചവടം ഒഴിപ്പിച്ചപ്പോൾ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസിന്റെ സഹായത്തോടെ പ്രശ്നം പരിഹരിച്ചു.

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ആയിരക്കണക്കിനാളുകളാണ് ദിവസേന എത്തുന്നത്. ഇവർക്ക് ബുദ്ധിമുട്ടില്ലാതെ നടക്കാനായി പഞ്ചായത്ത് നടപ്പാത നിർമ്മിച്ചിരുന്നു. എന്നാൽ ഇവിടെ അന്യസംസ്ഥാന തോഴിലാളികളുൾപ്പെടെ വഴിയോര കച്ചവടം നടത്താൻ തുടങ്ങിയതോടെ നാട്ടുകാർ പ‌രാതിപ്പെടുകയായിരുന്നു.

പരാതിയുടെ ഭാഗമായി പഞ്ചായത്ത് നിരവധി തവണ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടാകാതായതോടെ വീണ്ടും കച്ചവടം പെരുകുകയായിരുന്നു. തുടർന്ന് പരാതിയുമായി നാട്ടുകാർ സബ് കളക്ടരെ സമീപിച്ചതോടെയാണ് പ്രശ്നപരിഹാരം ഉണ്ടായത്.