red

''സംഗതി സത്യമാണോ കിടാവ് സാറേ?"

വിശ്വാസം വരാതെ പ്രജീഷ് വീണ്ടും തിരക്കി.

അപ്പുറത്തുനിന്ന് എം.എൽ.എ ശ്രീനിവാസ കിടാവിന്റെ ശബ്ദം കാതിലേക്കു വീണു.

''തീർത്തു പറയാൻ കഴിയില്ല. എങ്കിലും കണ്ടയാൾ അത് അയാളാണെന്ന് ഉറപ്പിച്ചു പറയുന്നു.

ഒരു നിമിഷത്തേക്ക് മിണ്ടിയില്ല പ്രജീഷ്.

പിന്നെ തിരക്കി:

''സി.ഐ ഋഷികേശ് സാറിനെക്കൊണ്ട് ഒന്ന് അന്വേഷിപ്പിച്ചാലോ?"

''അത് ശരിയാവത്തില്ല. മാത്രമല്ല ആ വൈദ്യൻ നമ്മൾ കരുതുന്നതുപോലെ ഒരാളല്ലതാനും. അയാളുടെ അനുവാദം കൂടാതെ ആർക്കും മതിൽക്കെട്ടിനുള്ളിലേക്കു കടക്കാൻ പോലും കഴിയില്ല... അവിടുത്തെ ചെടികളെയും സസ്യങ്ങളെയും പോലും പേടിക്കണമെന്നാണ് ജനസംസാരം. ചില ചെടികളുടെ മുള്ളുകൾ ശരീരത്ത് സ്പർശിച്ചാൽ മരണം സുനിശ്ചിതമാണ്. ചോലനായ്‌ക്കന്മാരുമായി വൈദ്യന് വളരെ അടുപ്പമുണ്ട്. അവരുടെ ആദിവാസി കോളനിയിൽ ഉള്ളവരാണുപോലും അമൂല്യമായ ചെടികൾ വനത്തിൽ നിന്നു ശേഖരിച്ച് വൈദ്യനു കൊണ്ടുകൊടുക്കുന്നത്.''

എല്ലാം കേട്ട് പ്രജീഷ് ഉമിനീർ വിഴുങ്ങി ചിന്തയോടെ നിന്നു.

കിടാവിന്റെ സ്വരം വീണ്ടും കേട്ടു:

''മാത്രമല്ല, പോലീസ് അയാളെ തിരക്കിച്ചെന്നാൽ, അയാൾക്കത് കൂടുതൽ സംശയത്തിന് ഇട നൽകും. അയാളുടെ പേരിൽ കേസൊന്നും ഇല്ലല്ലോ... ഒരു മാൻ മിസിംഗ് പെറ്റീഷൻ ഒഴിച്ച്... ങ്‌ഹാ... നമുക്ക് ചിന്തിക്കാം. ഏതായാലും ജീവനോടെ അയാൾ അവിടെ നിന്നു മടങ്ങാൻ പാടില്ല."

''ശരി സാർ. എപ്പഴാ കാണേണ്ടതെന്ന് സാർ പറഞ്ഞാൽ മതി."

പ്രജീഷ് കാൾ മുറിച്ചു.

തിരിയുമ്പോൾ പൂമുഖത്ത് അയാളെത്തന്നെ നോക്കി നിൽക്കുന്നു ചന്ദ്രകല. കയ്യിൽ ആവി പറക്കുന്ന ചായക്കപ്പ്.

''ആരാ വിളിച്ചത്?"

അവൾ ചോദിച്ചു.

''കിടാവ് സാറാ." പറഞ്ഞുകൊണ്ട് പ്രജീഷ് പൂമുഖത്തേക്കു കയറി.

ചന്ദ്രകലയുടെ കയ്യിൽ നിന്നു ചായക്കപ്പു വാങ്ങിക്കൊണ്ട് കസേരയിലിരുന്നു. അയാൾക്കരുകിൽ ഇരുന്നുകൊണ്ട് അവളും ഒരിറക്കു ചായ കുടിച്ചു.

''എന്തായിരുന്നു വിശേഷം?"

പ്രജീഷും ചായ അല്പം നുകർന്നു:

''ഒരു സംശയം. ഇവിടെ വാഴക്കുളം അപ്പുണ്ണി വൈദ്യൻ എന്ന ഒരാളുണ്ടല്ലോ.."

''ഉണ്ട്."

''അയാളുടെ വീട്ടിൽച്ചെന്ന ഒരാൾ സി.ഐ അലിയാരെപ്പോലെ ഒരു മനുഷ്യനെ കണ്ടെന്ന്. മുറ്റത്തിന്റെ അങ്ങേ കോണിലൂടെ അയാൾ നടന്നുപോകുന്നതാണ് കണ്ടത്. വൈദ്യനോട് അയാളെക്കുറിച്ചു തിരക്കിയപ്പോൾ ഒരു പരുങ്ങൽ ദൃശ്യമായെന്ന്."

''ങ്‌ഹേ?" അറിയാതെ ചന്ദ്രകലയുടെ കയ്യിലിരുന്ന കപ്പ് ഒന്നു തുളുമ്പി. കുറച്ചു ചായ തറയിൽ വീണു.

''അയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ നമ്മളെല്ലാം കുരുങ്ങുമല്ലോ പ്രജീഷേ.. ഇനി എന്തു ചെയ്യും?"

''കിടാവ് സാറ് എന്തെങ്കിലും മാർഗ്ഗം കാണാതിരിക്കില്ല. ഗ്യാസ് ക്രിമിറ്റോറിയത്തിൽ

ദഹിപ്പിക്കാൻ വച്ചവൻ എങ്ങനെ വൈദ്യന്റെ വീട്ടിൽ എത്തിയെന്ന് അറിയണമല്ലോ..."

അയാൾ പതുക്കെ ചായ കുടിച്ചുകൊണ്ടിരുന്നു. ശേഷം അറിയിച്ചു:

''നീ പരിഭ്രമിക്കുകയൊന്നും അരുതു കലേ.... ഇന്നലെ രാത്രിയിൽ നമ്മുടെ മുറിയുടെ ജനാലയ്ക്കൽ ആരോ ഉണ്ടായിരുന്നു."

''നേരോ?" ചന്ദ്രകലയുടെ കണ്ണുതള്ളി.

''ഉം." പ്രജീഷ് അമർത്തി മൂളി.

''അത് പക്ഷേ നീ കരുതുന്നതുപോലെ പാഞ്ചാലിയുടെ പ്രേതം ഒന്നുമല്ല."

''പിന്നെ?"

''ഒന്നുകിൽ കള്ളൻ. അതല്ലെങ്കിൽ അനന്തഭദ്രനോ ബലഭദ്രനോ നിയോഗിച്ച ആൾ.... നമ്മുടെ നീക്കങ്ങളെപ്പറ്റി അറിയുവാൻ."

അയാൾ അങ്ങനെ പറഞ്ഞപ്പോൾ ചന്ദ്രകലയുടെ കണ്ണുകൾ, മുറ്റത്തു കത്തിക്കരിഞ്ഞു കിടക്കുന്ന കിടാവിന്റെ ബൻസ് കാറിനു നേർക്കു നീണ്ടുചെന്നു....

********

സമയം സന്ധ്യയാകുവാൻ ഇനി അധികമില്ല.

വാഴക്കൂട്ടം അപ്പുണ്ണിവൈദ്യരുടെ വീട്ടിൽ നിന്ന് സി.ഐ അലിയാരോട് യാത്ര പറയുകയായിരുന്നു ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ വാച്ചർ തങ്കപ്പൻ.

''ഞാൻ പോയിട്ടു വരാം സാറേ..."

അലിയാർ ഒന്നു മൂളി.

അയാൾക്ക് നല്ല മാറ്റം ഉണ്ടായിരുന്നു...

എങ്കിലും ഓർമ്മകൾ ഇപ്പോഴും അങ്ങിങ്ങു ചിതറിക്കിടക്കുകയാണ്.

ചിലപ്പോൾ താൻ സർക്കിൾ ഇൻസ്പെക്ടറാണെന്ന് അലിയാർ പറയും. ചിലപ്പോൾ അത് പാടെ മറന്നുപോകും.

ചില നടുക്കുന്ന ഓർമ്മകളായി തന്റെ നേരെ ഉണ്ടായ ആക്രമണം അയാൾ പറയും. പക്ഷേ മഞ്ഞിനുള്ളിൽ എന്നവണ്ണം അക്രമകാരികളുടെ മുഖം വ്യക്തമല്ല...

ഇനി വളരെ വേഗം പഴയ രീതിയിലേക്കു തിരിച്ചുവരും എന്ന് അപ്പുണ്ണി വൈദ്യൻ, തങ്കപ്പനോടു തീർത്തുപറഞ്ഞു.

തന്റെ പഴയ ഓട്ടോയിൽ നിലമ്പൂരിനു മടങ്ങുമ്പോൾ പെട്ടെന്ന് പിന്നിൽ ഒരു അംബാസിഡർ കാർ പ്രത്യക്ഷപ്പെട്ടത് തങ്കപ്പൻ ശ്രദ്ധിച്ചില്ല....

നേരം സന്ധ്യയായിക്കഴിഞ്ഞു. തങ്കപ്പൻ ഓട്ടോയുടെ ഹെഡ്‌ലൈറ്റ് തെളിച്ചു.... പിന്നിൽ ഒരകലമിട്ട് അംബാസിഡർ കാർ വന്നുകൊണ്ടിരുന്നു.

(തുടരും)