ജീപ്പിൽ കയറുന്നതിനിടയിൽ സി.ഐ ഋഷികേശ് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി.
ബംഗ്ളാവിന്റെ വരാന്തയിൽ അനന്തഭദ്രനും ബലഭദ്രനും നിൽക്കുന്നതു കണ്ടു.
പല്ലുകൾ കടിച്ചു ഞെരിച്ചുകൊണ്ട് ഋഷികേശ് ബൊലേറോ ജീപ്പിൽ കയറി.
തമ്പുരാക്കന്മാരുടെ ഗേറ്റിന്റെ മെയിൻ ലോക്ക് തുറക്കാതെ ബൊലേറോ തിരിക്കാൻ കഴിയില്ല. പുറത്തിട്ട് തിരിക്കാൻ സ്ഥലവുമില്ല.
അടുത്തടുത്തു നിൽക്കുകയാണ് കവുങ്ങുകൾ.
ഗേറ്റ് തുറന്നു തരാൻ തമ്പുരാക്കന്മാരോട് പറയുവാൻ പോലീസ് ഉദ്യോഗസ്ഥർക്കു മടി തോന്നി.
പോലീസ് ഡ്രൈവർ ജീപ്പ് റിവേഴ്സിൽ വിട്ടു.
മെയിൻ റോഡുവരെ....
ആ കാഴ്ച നോക്കിനിന്ന അനന്തഭദ്രനും ബലഭദ്രനും ചിരിച്ചു.
''എം.എൽ.എ കിടാവിനെ അങ്ങനെ വിട്ടാൽ പറ്റത്തില്ല ചേട്ടാ."
അനന്തഭദ്രനു നേർക്കു തിരിഞ്ഞ് ബലഭദ്രൻ പറഞ്ഞു.
''ഇനി ഒട്ടും അവൻ വളരാൻ പാടില്ല..."
അനന്തഭദ്രൻ കനപ്പിച്ചു മൂളി:
''തൽക്കാലം അവനു കൊടുക്കാൻ ചെറിയൊരു പണിയുണ്ട്. അവന്റെ അനുജൻ കരിമ്പുഴയിലേക്കു വരുന്ന പതിനെട്ട് തോടുകളിലാണ് തടയണ നിർമ്മിച്ചിരിക്കുന്നത്. സബ് കളക്ടർ അത് പൊളിച്ചുനീക്കണം എന്നു പറഞ്ഞു നൽകിയ നോട്ടീസിന് അവൻ പുല്ലുവിലയാണ് കൽപ്പിച്ചിരിക്കുന്നത്. ആ കേസ് നമ്മൾക്ക് കോടതിയിൽ എത്തിക്കണം. നീ അഡ്വക്കേറ്റ് നാരായണൻ തമ്പിയെ ഒന്നു വിളിക്ക്."
ബലഭദ്രന്റെ മുഖം തെളിഞ്ഞു.
അയാൾ വേഗം സെൽഫോണിൽ നാരായണൻ തമ്പിയുടെ നമ്പർ കുത്തി.
***
സി.ഐ ഋഷികേശ്, മടക്കയാത്രയ്ക്കിടയിൽ എം.എൽ.എ ശ്രീനിവാസ കിടാവിനെ വിളിച്ചു.
''സാറ് എവിടെയാ?"
''വടക്കേ കോവിലകത്തു തന്നെയുണ്ട്. അവന്മാരെ പൊക്കിയല്ലോ. അല്ലേ?"
ശബ്ദത്തിൽ ആകാംക്ഷ.
''ഇല്ല സാർ....""
ഋഷികേശിന്റെ ശബ്ദം പതിഞ്ഞു.
''ങ്ഹേ. എന്തുപറ്റി?""
''ഞാനങ്ങോട്ടു വരാം സാർ. ഒക്കെ നേരിൽ പറയാം.""
ഋഷികേശ് കാൾ മുറിച്ചു.
എസ്.ഐ കാർത്തിക്കിനെയും പോലീസുകാരെയും നിലമ്പൂർ സ്റ്റേഷനിൽ ഇറക്കിയിട്ട് ഋഷികേശ് ബൊലേറോ സ്വയം ഡ്രൈവു ചെയ്ത് വടക്കേ കോവിലകത്ത് എത്തി.
പൂമുഖത്തുതന്നെ ഉണ്ടായിരുന്നു കിടാവും പ്രജീഷും ചന്ദ്രകലയും.
''എന്താടോ അവരെ അറസ്റ്റു ചെയ്യാത്തത്?""
ഋഷികേശിനെ കണ്ടതേ കിടാവ് കോപത്തോടെ തിരക്കി.
''സാർ...""
ഒരു കസേരയിലിരുന്നു ഋഷികേശ്. പിന്നെ സംഭവിച്ചത് അത്രയും പറഞ്ഞു.
''ഛേ... എന്നാലും നാണക്കേടായില്ലേ. തനിക്കും തന്റെ ഡിപ്പാർട്ട്മെന്റിനും? അത്രയും പേര് തന്റെ കൂടെ ഉണ്ടായിട്ടും നിരാശരായി പരാജയപ്പെട്ട് തലയും കുനിച്ച് പോരുക എന്നു പറഞ്ഞാൽ...""
അതിന് ഉത്തരമില്ലായിരുന്നു ഋഷികേശിന്.
പ്രജീഷും ചന്ദ്രകലയും സി.ഐയെ നോക്കിയിരുന്നു.
അയാളും ഇടയ്ക്കിടെ ചന്ദ്രകലയെ നോക്കി. അവൾക്കു വെറുപ്പാണു തോന്നിയത്. കിടാവിന്റെ ഫാം ഹൗസിലെ ആ രാത്രി!
അവസാനം നിശ്ശബ്ദതയ്ക്കു വിരാമമിട്ടത് ശ്രീനിവാസ കിടാവാണ്.
''ങാ. വന്നതു വന്നു. ഇനി കുരുക്ക് ശക്തമാക്കണം. അവർക്ക് പ്രതിരോധിച്ചുനിൽക്കാൻ കഴിയാത്ത കുരുക്ക്. ഒപ്പം നാണം കെട്ട് ആരുടെയും മുഖത്തു നോക്കുവാൻ കഴിയാതെയും വരണം. ഭാര്യയുടെയും മക്കളുടെയും പിന്തുണ പോലും അവർക്കു കിട്ടരുത്."
ഋഷികേശ് തലയാട്ടി കേട്ടുകൊണ്ടിരുന്നു. ഇനി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ ഒരു ചിത്രം തന്നെ കിടാവ് തയ്യാറാക്കി.
ഒരിക്കലും ഊരിപ്പോരാൻ കഴിയാത്ത തിരക്കഥ.
എല്ലാവർക്കും അത് ഇഷ്ടമായി.
കിടാവ് പറഞ്ഞുനിർത്തിയത് ഇങ്ങനെ:
''വേണ്ട കാര്യങ്ങളൊക്കെ ഞാൻ ചെയ്തോളാം... തക്കസമയത്ത് താൻ ഒപ്പം നിന്നാൽ മതി."
ഋഷികേശ് സമ്മതിച്ചു.
കിടാവ് എഴുന്നേറ്റു.
''തന്റെ കൂടെ ഞാനും വരാം. എന്നെയൊന്ന് വീട്ടിൽ ഇറക്കണം."
''സാർ. അപ്പോൾ ഈ കാറ് കത്തിച്ചതിന് കേസെടുക്കേണ്ടേ?" ഋഷികേശ് സന്ദേഹത്തോടു ചോദിച്ചു.
''ആരുടെ പേരിൽ ഇനി കേസെടുക്കാൻ? വിട്ടുകള. ചിലപ്പോൾ പ്രജീഷും ചന്ദ്രകലയും കൂടി കോടതി കയറേണ്ടിവന്നേക്കും. അത് വേണ്ടാ."
പ്രജീഷിനോടും ചന്ദ്രകലയോടും യാത്ര പറഞ്ഞ് കിടാവ്, ഋഷികേശിന്റെയൊപ്പം ബൊലേറോയിൽ പോയി.
പ്രജീഷും ചന്ദ്രകലയും കോവിലകത്തിനുള്ളിലേക്കും മടങ്ങി.
പെട്ടെന്ന് എന്തോ സംശയം തോന്നിയതുപോലെ ചന്ദ്രകല, പാഞ്ചാലിയുടെ മുറിയിലേക്കു ചെന്നു. അകത്തേക്കു നോക്കിയ അവൾ അമ്പരന്നു...
(തുടരും)