balabhaskar-death

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടാനിടയായ സന്ദർഭം ക്രൈംബ്രാഞ്ച് പുനരാവിഷ്കരിച്ചു. കാർ അപകടത്തിൽപ്പെട്ട പള്ളിപ്പുറത്താണ് ബാലഭാസ്കർ സഞ്ചരിച്ച ഇന്നോവ കാറിന്റെ അതേ മോഡൽവാഹനം മരത്തിലേക്ക് ഇടിച്ചു കയറ്റുന്നതടക്കമുള്ള രംഗങ്ങൾ പുനരാവിഷ്കരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ പരാതി നൽകിയ സാഹചര്യത്തിലാണ് യാത്ര പുനരാവിഷ്കരിച്ചത്.

കൂടാതെ,​ അപകട സമയത്ത് വാഹനം ഓടിച്ചത് ആരാണെന്ന് വ്യക്തത വരുത്താനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണ് അപകടം പുനരാവിഷ്കരിച്ചത്. ഫൊറൻസിക് സംഘവും ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പരിശോധന ഒരു മണിക്കൂറോളം നീണ്ടു. തൃശൂർ ഭാഗത്തുനിന്നും വന്ന ബാലഭാസ്കറിന്റെ ഇന്നോവ കാറിനു പകരം ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള ഇന്നോവ ഓടിച്ചത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് ലാൽ ആണ്.

തൃശൂർഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് അതിവേഗത്തിൽ വന്ന കാർ ഒരു കെ.എസ്.ആർ.ടി.സി ബസിനെ മറികടന്ന് ബാലഭാസ്കറിന്റെ കാറിടിച്ച മരത്തിനു തൊട്ടടുത്ത് ബ്രേക്കിട്ട് നിന്നു. ശേഷം വേഗത കുറച്ച്, സ്റ്റിയറിംഗിന്റെ സ്ഥാനം മാറ്റാതെ മരത്തിൽ മുട്ടിച്ചു. മരത്തിലിടിച്ചാൽ എത്രത്തോളം നാശനഷ്ടമുണ്ടാകും, അമിതവേഗതയിൽ വന്നാൽ വാഹനം എതിർവശത്തേക്ക് തിരിഞ്ഞു മരത്തിലിടിക്കാൻ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.

വാഹനക്കമ്പനിയുടെ ജീവനക്കാരും സംഭവസ്ഥലത്തുണ്ടായിരുന്നു. ബാലഭാസ്കറിന്റെ വാഹനം കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നെത്തിയാണ് മരത്തിലിടിച്ചതെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണു ബസിനെ മറികടന്നുള്ള അപകടരംഗം പുനരാവിഷ്കരിച്ചത്. ദേശീയപാത വഴി കടന്നുപോയ കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നാണ് ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പമുണ്ടായിരുന്ന മോട്ടോർവാഹന ഇൻസ്പെക്ടർ വാഹനം മരത്തിനടുത്തേക്ക് ഓടിച്ചു കയറ്റിയത്.

ബാലഭാസ്കറിന്റെ സഹായികളായിരുന്ന പ്രകാശൻ തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്. തൃശൂരിൽ ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങുമ്പോൾ സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച് അപകടം ഉണ്ടാകുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കർ ചികിത്സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരിക്കേറ്റിരുന്നു.