തിരുവനന്തപുരം: ബിനോയ് വിഷയവുമായി സി.പി.എം പാർട്ടിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. കോടിയേരിയെ ഈ വിഷയത്തിൽ ഒറ്റപ്പെടുത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മക്കൾ ചെയ്യുന്ന തെറ്റുകൾക്ക് പാർട്ടി നേതാക്കളെ ക്രൂശിക്കുകയല്ല വേണ്ടതെന്നും മന്ത്രി എ.കെ ബാലൻ പ്രതികരിച്ചു.
വിവാദമായ കാർട്ടൂൺ വിഷയത്തിലും എ.കെ. ബാലൻ പ്രതികരിച്ചു. കാർട്ടൂൺ പ്രസിദ്ധീകരിച്ച കാര്യത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും സർക്കാരിനെ ഒരു വിഭാഗത്തെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് മന്ത്രി പ്രതികരിച്ചത്. ലളിതകലാ അക്കാദമി സർക്കാരിന് കീഴിലുള്ള സ്ഥാപനമാണെങ്കിലും അങ്ങനെയല്ല എന്ന ധാരണയാണ് ചിലർക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
നിയമപ്രകാരമാണ് അക്കാദമി പ്രവർത്തിക്കുന്നത്. അക്കാദമി ഇക്കാര്യത്തിൽ എടുക്കുന്ന തുടർനടപടികൾ സർക്കാർ നിരീക്ഷിക്കും. മതവുമായി ബന്ധപ്പെട്ട ചിഹ്നത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് സർക്കാരല്ല പറഞ്ഞത്. ഏത് വിഭാഗത്തിനാണ് അലോസരം ഉണ്ടായത്, അവരാണ് പറഞ്ഞത്. ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുനഃപരിശോധന ആവശ്യപ്പെട്ടത്. മന്ത്രി പറയുന്നു.
അതേസമയം ബിനോയ് കോടിയേരിയാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബയ് പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ബിനോയ് കോടിയേരിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബയ് പൊലീസ് ആവശ്യപ്പെട്ടതായാണ് സൂചന. ചോദ്യം ചെയ്യലിന് പരാതിക്കാരിയുടേയും മറ്റ് സാക്ഷികളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. ബിനോയ്‌ക്കെതിരെയുള്ള എഫ്.ഐ.ആർ മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.മുംബയ് അന്ധേരി കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.