ബംഗളൂരു: ഓരോ ദിവസവും കടന്നുപോകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. സർക്കാരിനെയും സർക്കാർ സംവിധാനങ്ങളെയും നല്ലരീതിയിൽ മുന്നോട്ടുകോണ്ടുപോകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും കുമാരസ്വാമി പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യ സർക്കാരിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ.
''നിങ്ങളുടെ പ്രതീക്ഷകൾ നടപ്പിലാക്കുമെന്ന് ഞാൻ വാക്ക് തരുന്നു. എനിക്കത് നിങ്ങളുമായി പങ്കുവയ്ക്കണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. കാരണം, എനിക്ക് ഇവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. സർക്കാരിനെ നല്ലരീതിയിൽ കൊണ്ടുപോകണം. "- കുമാരസ്വാമി പറഞ്ഞു.
സഖ്യസർക്കാരിലെ വിള്ളലുകളെക്കുറിച്ച് ഇതാദ്യമായല്ല കുമാരസ്വാമി തുറന്നുപറയുന്നത്. സഖ്യസർക്കാരിന്റെ വിഷമതകളെല്ലാം പരമശിവനെപ്പോലെ താൻ വിഴുങ്ങുകയാണെന്നും, മുഖ്യമന്ത്രിപദവി പൂക്കൾകൊണ്ട് നിറഞ്ഞതല്ല, കല്ലുകൾകൊണ്ട് നിറഞ്ഞതാണെന്നും മുമ്പ് രണ്ട് തവണ കുമാരസ്വാമി പറഞ്ഞിരുന്നു. അതേസമയം, പ്രശ്നങ്ങൾ തുടരുമ്പോഴും ബി.ജെ.പിക്കെതിരെ ഒന്നിച്ചു നിൽക്കാനാണു സഖ്യത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ജെ.ഡി.എസിനും നേരിട്ട കനത്ത പരാജയത്തിനു ശേഷമാണ് സർക്കാരിലെ ഭിന്നതകൾ മറനീക്കി പുറത്തുവന്നത്. ഇരുപാർട്ടികൾക്കും ഓരോ സീറ്റ് വീതമാണ് തിരഞ്ഞെടുപ്പിൽ നേടാനായത്. ആകെയുള്ള 28 സീറ്റിൽ 25 ലും ബി.ജെ.പിക്കായിരുന്നു കർണാടകയിൽ വിജയം.