karnataka

ബംഗളൂരു: കർണ്ണാടകയിൽ സഖ്യ സർക്കാരിൽ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടിന് തൊട്ടുപിന്നാലെ കർണ്ണാടകയിലെ പി.സി.സിയെ പിരിച്ച് വിട്ട് എ.ഐ.സി.സി. സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

അതേസമയം പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു, വർക്കിംഗ് പ്രസിഡന്റ് ഈശ്വർ.ബി.ഖാന്ദ്രേ എന്നിവർ തൽസ്ഥാനങ്ങളിൽ തുടരും. സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ തങ്ങൾ നേരത്തേ രാഹുൽ ഗാന്ധിയോട് അവശ്യപ്പെട്ടിരുന്നെന്ന് ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു.

സഖ്യ സർക്കാരിനെ നിലനിർത്തുന്നതിന്റെ ബുദ്ധിമുട്ടുകളെപ്പറ്റി കുമാരസ്വാമി ദിവസങ്ങൾക്ക് മുമ്പ് തുറന്ന് പറഞ്ഞിരുന്നു. സ‌ർക്കാരിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകൊനായി തന്റെ വിഷമതകൾ ഉള്ളിലൊതുക്കുകയാണെന്ന് കുമാരസ്വാമി വ്യക്തിമാക്കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ദൾ സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു. 28 സീറ്റിൽ 25 ഉം ബി.ജെ.പി സ്വന്തമാക്കിയിരുന്നു.