ജനീവ: സൗദി മാദ്ധ്യമപ്രവർത്തകനും വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ വധത്തിൽ സൗദി അറേബ്യൻ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനും മറ്റ് ഉന്നത സൗദി ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായി ഐക്യരാഷ്‌ട്രസഭയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഖഷോഗി വധത്തെ പറ്റി അന്താരാഷ്‌ട്ര അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
ഭരണകൂടങ്ങൾ നടത്തുന്ന കൊലപാതകങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും അന്വേഷിക്കുന്ന യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധ ആഗ്നസ് കല്ലാമർഡിന്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. ആറ് മാസം നീണ്ട അന്വേഷണത്തിന് ശേഷം ഇവർ തയ്യാറാക്കിയ നൂറ് പേജുള്ള റിപ്പോർട്ട് സൗദി ഭരണകൂടത്തിന് അയച്ചുകൊടുത്തെങ്കിലും പ്രതികരിച്ചിട്ടില്ല. സൽമാൻ രാജകുമാരന് വധത്തിൽ പങ്കില്ലെന്നാണ് തുടക്കം മുതലേ സൗദി ഭരണകൂടത്തിന്റെ നിലപാട്.
സൗദി രാജകുമാരൻ തന്റെ നിരപരാധിത്വം തെളിയിക്കുന്നതു വരെ ലോകരാഷ്‌ട്രങ്ങൾ അദ്ദേഹത്തിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അന്വേഷണത്തിന് മുൻകൈയെടുക്കണമെന്നും ആഗ്നസ് കല്ലാമർഡ് റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 2നാണ് ടർക്കി തലസ്ഥാനമായ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ ഖഷോഗി കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ശരീരം വെട്ടിനുറുക്കി കത്തിക്കുകയോ ആസിഡിൽ ലയിപ്പിക്കുകയോ ചെയ്തെന്നാണ് റിപ്പോർട്ട്. മുൻകൂട്ടി ആസൂത്രണം ചെയ്‌ത പദ്ധതി പ്രകാരം ഖഷോഗിയെ നിയമവിരുദ്ധമായി കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ടിലെ നിഗമനം. അന്താരാഷ്‌ട്ര മനുഷ്യാവകാശനിയമപ്രകാരം സൗദി ഭരണകൂടത്തിന് ഇതിൽ ഉത്തരവാദിത്വം ഉണ്ട്. സംഭവത്തിൽ പതിനൊന്ന് സൗദി ഉദ്യോഗസ്ഥർ വിചാരണ നേരിടുന്നുണ്ട്. അവരിൽ അഞ്ച് പേർക്കെങ്കിലും വധശിക്ഷ ലഭിച്ചേക്കും. എന്നാൽ കുറ്റം ചുമത്താത്ത സൗദി ഭരണകൂടത്തിന്റെ ഉപദേഷ്‌ടാവായ സൗദ് അൽഖഹ്‌താനി എന്ന വ്യക്തിയുടെ പങ്കും അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
ഇക്കൊല്ലം ജനുവരിയിലാണ് ആഗ്നസ് കല്ലാമർഡ് അന്വേഷണം തുടങ്ങിയത്. ഫോറൻസിക് വിദഗ്ദ്ധരുമായി അവർ ഇസ്‌താംബുളിലെ സൗദി കോൺസുലേറ്റിൽ പോയി തെളിവെടുത്തിരുന്നു. ഖഷോഗി കൊല്ലപ്പെടുന്ന ദിവസത്തെ ഏഴ് മണിക്കൂർ വീഡിയോ റെക്കാഡിംഗിൽ 45 മിനിട്ട് റെക്കാഡിംഗ് മാത്രമാണ് അധികൃതർ ആഗ്നസിന് നൽകിയത്. എന്നിട്ടും വ്യക്തമായ തെളിവുകൾ കിട്ടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഖഷോഗി കൊല്ലപ്പെടുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ മിനിട്ട് വച്ചുള്ള വിവരണങ്ങൾ റിപ്പോർട്ടിലുണ്ട്. ഖഷോഗിയുടെ മൃതദേഹം അറുത്തുമുറിക്കാൻ ഉപയോഗിച്ച ഇലക്‌ട്രിക് വാളിന്റെ ശബ്ദത്തെ പറ്റിയുള്ള വിവരണവും ഉണ്ട്. മൊത്തം 15 പേർക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും വെളിപ്പെടുത്തുന്നു.